മണ്‍കോപ്പകളില്‍ ആവിപറക്കുന്ന തന്തൂരിച്ചായയും കനലില്‍ ചുട്ടെടുത്ത മസാലപപ്പടവും കഴിക്കണോ…? എങ്കില്‍ പോരൂ വ്യത്യസ്ഥനായ നൂറിന്റെ വ്യത്യസ്ഥമായ ചായക്കടയിലേക്ക്…

കേമന്‍ തന്തൂരിച്ചായ…കേള്‍ക്കുമ്പോള്‍ തന്നെ ഒരു കൗതുകം തോന്നുമല്ലേ…എറണാകുളം മറൈന്‍ഡ്രൈവിനടുത്ത് പാതയോരത്തുള്ള ഒരു തട്ടുകടയില്‍ ഈ ചായ കിട്ടും. ഇതു മാത്രമല്ല ചുട്ട പപ്പടവും പാച്ചി കട്‌ലറ്റും പാ സമൂസയുമെല്ലാം ഇവിടെയെത്തിയാല്‍ രുചിക്കാം. സമീപകാലം വരെ പാചകം വശമില്ലാതിരുന്ന ഒരാളുടെ സൃഷ്ടിയാണിതെല്ലാം. തൃശൂര്‍ ജില്ലയിലെ പെരിങ്ങോട്ടുകരക്കാരന്‍ നൂറുല്‍ ഈമാന്‍ എന്ന നൂറാണ് ഈ രുചികള്‍ക്കു പിന്നിലുള്ള ആള്‍.

ചുട്ടുപഴുത്ത മണ്‍കോപ്പകളില്‍ തിളച്ചുമറിയുന്ന തന്തൂരി ചായക്കൊപ്പം നല്‍കുന്ന പുഞ്ചിരിയില്‍ പ്രതിസന്ധികളാല്‍ ചുട്ടുപഴുത്ത ഒരു ഭൂതകാലവുമുണ്ട് നൂറിന്. സാമാന്യം ഭേദപ്പെട്ട സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തില്‍ ജനനം. പ്രവാസ ജീവിതത്തിനുശേഷം സ്വന്തമായൊരു ബിസിനസ് സംരഭത്തിലേക്ക് തിരിഞ്ഞു. എന്നാല്‍ തൊട്ടതെല്ലാം പിഴച്ചതോടെ കാര്യങ്ങള്‍ വന്‍ സാമ്പത്തിക ബാധ്യതയിലെത്തി. കടം വാങ്ങി ബിസിനസുകള്‍ പലതും ചെയ്‌തെങ്കിലും കടബാധ്യത കൂടാനേ അതുപകരിച്ചുള്ളൂ.

ഇതേത്തുടര്‍ന്ന് വീടുവിട്ടിറങ്ങി. എറണാകുളം നഗരത്തില്‍ എത്തിപ്പെട്ടു. അവിടെ താല്‍ക്കാലികമായി ചെറിയ ജോലികള്‍ ചെയ്ത് പട്ടിണിമാറ്റി. ചെറിയൊരു റൂമില്‍ താമസവുമായി. മഴ വന്നതോടെ ആ ജോലികളും ലഭിക്കാതെയായി. പണമില്ലാതായപ്പോള്‍ താമസവും ഒഴിയേണ്ടി വന്നു. വീണ്ടും പട്ടിണിയും അലച്ചിലും. നോര്‍ത്ത് റെയില്‍വെസ്റ്റേഷനിലെ പാലത്തിനുതാഴെ കിടപ്പും. ബ്രിഡ്ജിനു അടുത്തുള്ള ഡോര്‍മെട്രിയുടെ ഉടമ റഷീദ് പണം കിട്ടുമ്പോള്‍ തന്നാല്‍ മതിയെന്ന് പറഞ്ഞ് താമസസൗകര്യം നല്‍കി. തുടര്‍ന്നാണ് പ്രളയമുണ്ടാകുന്നത്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു. സ്ഥിതിഗതികള്‍ ശാന്തമായപ്പോഴാണ് വഴിയരികില്‍ ഒഴിഞ്ഞു കിടക്കുന്ന ഒരു പെട്ടിക്കട നൂറിന്റെ ശ്രദ്ധയില്‍ പെടുന്നത്. അതിന്റെ ഉടമയുമായി സംസാരിച്ചപ്പോള്‍ ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചു…പിന്നീട് എന്തു ചെയ്യണമെന്നുള്ള ചിന്തയിലാണ് ചായ ഏറെ ഇഷ്ടപ്പെടുകയും, കുടിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയില്‍ മനസ്സ് അതില്‍ത്തന്നെ ചുറ്റിത്തിരിഞ്ഞു നിന്നത്.

എന്നാല്‍ ഒരു ചായയ്ക്കു വേണ്ടി മാത്രം ആരും തന്നെ തേടിവരില്ലെന്ന് നൂറിന് ഉറപ്പായിരുന്നു. എങ്ങനെ ആളുകളെ ആകര്‍ഷിക്കാം എന്നതായി അടുത്ത ചിന്ത.തന്റെ ഭൂതകാലത്തില്‍ സഞ്ചരിച്ച യാത്രകളില്‍ അനുഭവിച്ചറിഞ്ഞ ചായകളുടെ രുചിക്കൂട്ടുകളിലേക്ക് നൂറിന്റെ മനസ്സ് പതിഞ്ഞു.
അങ്ങനെയിരിക്കെയാണ് ഇന്‍ഡോനേഷ്യയിലെ ഒരു ചായയുടെ വീഡിയോ കാണുന്നത്. എന്നാല്‍ അതില്‍ ചേര്‍ക്കുന്ന മസാലയെക്കുറിച്ചുള്ള വിശദികരണമൊന്നും ഉണ്ടായിരുന്നില്ല.

എന്തുതരം മസാലകള്‍ ആയിരിക്കും ഉപയോഗിക്കുകയെന്നുള്ള ചിന്തകള്‍ക്കിടയിലേക്ക് കടന്നുവന്നത് ചെറുപ്പത്തില്‍ വെല്ലുമ്മ മണ്‍കലത്തിലുണ്ടാക്കിത്തരുന്ന മസാല ചായയാണ്. പരീക്ഷിച്ചു നോക്കാന്‍ ആഗ്രഹമുണ്ടെങ്കിലും അതിനുള്ള പണംപോലും കയ്യിലില്ലായിരുന്നു. ആ സമയത്താണ് റസിയ മജു(ജഹാന്‍ മജീദ്) എന്നൊരു അകന്നബന്ധുവിന്റെ നിര്‍ബന്ധപ്രകാരം കനല്‍ സാഹിത്യകൂട്ടായ്മയില്‍ അംഗമാവുന്നത്.

കനല്‍ കൂട്ടായ്മയിലെ അംഗങ്ങളായ ജെയ്‌നിടീച്ചര്‍, ഷരീഫ്, മേഴ്‌സി, ഷൈമ, അജിത്ത്, റസിയ മജു, മഹാരാജാസ് കോളേജിലെ പ്രജ്‌നി ടീച്ചര്‍ എന്നിവരുടെ സഹായത്തോടെ പുതിയ സംരഭമായ കേമന്‍ തന്തൂരി ചായക്കട ആരംഭിച്ചു. കൊച്ചി മറൈന്‍ഡ്രൈവ് സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എതിര്‍വശത്താണ് കട. പത്തു തരം മസാല ചേര്‍ത്തുണ്ടാക്കിയ ചായയുടെ രുചി ആളുകള്‍ ഏറ്റെടുത്തതോടെ ആത്മവിശ്വാസം വര്‍ധിച്ചു. ചായക്കൊപ്പം കനലില്‍ ചുട്ടെടുത്ത മസാല പപ്പടവും കൊടുത്തത് വന്‍ഹിറ്റായി. ഈ സംരംഭം വിജയിച്ചതോടെ പറവൂര്‍ നെടുമ്പാശ്ശേരി എയര്‍പ്പോര്‍ട്ട് റോഡില്‍ മാഞ്ഞാലിയില്‍ റസിയ മജുവുമായി ചേര്‍ന്ന് പുതിയ തന്തൂരി ചായക്കടയും ആരംഭിച്ചു. കുറേ ചെറുപ്പക്കാര്‍ക്ക് നിത്യവരുമാനം നല്‍കാനും നൂറിന്റെ ഈ സംരംഭത്തിനു കഴിഞ്ഞു. കേമന്‍ തന്തൂരി ചായയെക്കുറിച്ചറിഞ്ഞ് ദൂരദേശങ്ങളില്‍നിന്നുപോലും ആളുകള്‍ അന്വേഷിച്ചെത്തുകയാണ്. ചായയുടെ രുചിയെക്കുറിച്ച് ആര്‍ക്കും മറിച്ചൊരു അഭിപ്രായമില്ലതാനും.

Related posts