സ്വന്തം ലേഖകന്‍
കോഴിക്കോട്: താനൂർ ബോട്ട് അപകടത്തിൽ നിർണായക വെളിപ്പെടുത്തലുമായി സ്രാങ്ക് ദിനേശൻ. ഉടമ നാസറിന്റെ അറിവോടെയും സമ്മതത്തോടെയുമാണ് നിയമലംഘനങ്ങൾ നടത്തിയതെന്നാണ് അപകടത്തിൽപ്പെട്ട ബോട്ടിന്റെ സ്രാങ്കായ ദിനേശന്റെ മൊഴി.
നേരത്തെയും നിരവധി തവണ ആളുകളെ കുത്തിനിറച്ചും ഡക്കിൽ കയറ്റിയും സർവീസ് നടത്തിയതായും ദിനേശൻ മൊഴി നൽകി.ഇതോടെ താനൂര്‍ ബോട്ടപകടത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ അനാസ്ഥ ഒന്നുകൂടി വെളിച്ചത്തായി.
അതിനിടെ താനൂര്‍ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ബോട്ടുടമയുടെ ഉന്നത ഉദ്യേഗസ്ഥ-രാഷ്ട്രീയ ബന്ധങ്ങളും പുറത്തുവന്നു.റിമാൻഡിലുള്ള ബോട്ടുടമ നാസറിനെ കസ്റ്റഡിയിൽ ലഭിക്കാൻ പോലീസ് ഇന്ന് അപേക്ഷ നൽകും.
മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി സർവീസ് നടത്താൻ ഉദ്യോഗസ്ഥരിൽനിന്നു ലഭിച്ച സഹായങ്ങളെക്കുറിച്ച് കൂടുതലറിയാൻ നാസറിനെ ചോദ്യം ചെയ്യേണ്ടതുണ്ട്.
ബോട്ടുടമ നാസറിനെ ഇന്നലെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പ്രതിയെ തിരൂർ സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.22 പേർക്ക് സഞ്ചരിക്കാൻ ശേഷിയുള്ള ബോട്ടിലാണ് 37 പേരെ കയറ്റിയത്.
ആളുകളെ അശാസ്ത്രീയമായി കുത്തിനിറച്ചതാണ് അപകട കാരണം എന്നാണ് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത്. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ബോട്ടിന്റെ ഡക്കിൽ പോലും ആളുകളെ കയറ്റി. ഇവിടേക്ക് കയറാൻ സ്റ്റെപ്പുകൾവച്ചു.
ഉദ്യോഗസ്ഥരുടെ മേലുള്ള രാഷ്ട്രീയ സ്വാധീനംവച്ചാണ് യാതൊരു നിയമവും പാലിക്കാതെ അറ്റലാന്റിക് ബോട്ട് ഇത്രയും കാലം സര്‍വീസ് നടത്തിയതെന്ന് വ്യക്തമായതോടെ നിലവില്‍ പ്രതിക്കൂട്ടിലായിരിക്കുന്നത് ബന്ധപ്പെട്ട വകുപ്പുകള്‍ തന്നെയാണ്.
ടൂറിസം രംഗത്ത് വലിയ മുന്നേറ്റമെന്ന് വരുത്താനുള്ള ശ്രമങ്ങള്‍ നടക്കുമ്പോഴും സുരക്ഷ കടലാസില്‍ തന്നെയാണെന്നാണ് വിവിധ ഇടങ്ങളിലെ ജലഗതാഗതത്തിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി അഭിപ്രായമുയര്‍ന്നിരിക്കുന്നത്.
ചെറിയ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പോലും നവീകരണ പ്രവൃത്തികള്‍ നടത്തി ജീവനക്കാരെ നിയമിക്കാതെ ജലഗതാഗതം സജ്ജീകരിക്കുന്ന സംവിധാനമാണ് ഇപ്പോഴുള്ളത്.