അമ്പിളി മുതല്‍ അഭിലാഷം വരെ… ബംഗളൂരു മലയാളി തന്വി റാമിന്റെ സിനിമായാത്രകള്‍ തനിക്കിഷ്ടമുള്ള കഥാപാത്രങ്ങള്‍ക്കൊപ്പമാണ്. അമ്പിളിയിലെ ടീനയും കപ്പേളയിലെ ആനിയും കുമാരിയിലെ നങ്ങക്കുട്ടിയും 2018ലെ മഞ്ജുവും മുകുന്ദനുണ്ണി അസോസിയേറ്റ്സിലെ അഡ്വ. ജ്യോതിലക്ഷ്മിയുമൊക്കെ നമ്മുടെയും ഇഷ്ടകഥാപാത്രങ്ങളാകുന്നു. ഓര്‍മകളുടെയും പ്രണയത്തിന്റെയും വികാരങ്ങളുടെയും സൗരഭം നിറച്ച് തന്‍വിയുടെ പുത്തന്‍പടം ‘അഭിലാഷം’ തിയറ്ററുകളില്‍. ജെനിത് കാച്ചപ്പിള്ളിയുടെ തിരക്കഥയില്‍ ഷംസു സെയ്ബ സംവിധാനം ചെയ്ത ചിത്രത്തില്‍ സൈജു കുറുപ്പും തന്‍വിയും ലീഡ് വേഷങ്ങളില്‍. തന്വി രാഷ്്ട്രദീപികയോടു സംസാരിക്കുന്നു.
ഈ സിനിമയുണ്ടായത്..?
സൈജു കുറുപ്പ്, ഷംസു സെയ്ബ, ജെനിത് കാച്ചപ്പിള്ളി, ഛായാഗ്രാഹകന്‍ സജാദ് കാക്കു… ഇവര്‍ ജെസി എന്ന ആന്തോളജി ഫിലിം ചെയ്തിരുന്നു. അതു റിലീസായിട്ടില്ല. അതിലെ ഒരു കഥാപാത്രത്തിന്റെ തുടര്‍ച്ചയായി മറ്റൊരു സിനിമ ചെയ്താലോ… സൈജുവേട്ടന് ഷംസുവിനോടു ചോദിക്കുന്നു. ആലോചനകള്‍ അഭിലാഷ് എന്ന കഥാപാത്രത്തിലും അഭിലാഷം എന്ന സിനിമയിലുമെത്തി. ജെനിത്തിന്റെ ഒരു സുഹൃത്ത് ട്രെയിന്‍യാത്രയില്‍ കേട്ട ഒരു സംഭവകഥയില്നിന്നുള്ള പ്രചോദനവും ഈ സിനിമയ്ക്കു പിന്നിലുണ്ട്.
അഭിലാഷം പറയുന്നത്..?
മണിയറയിലെ അശോകന്, ജെസി എന്നിവയ്ക്കു ശേഷം ഷംസുവിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം. മികച്ച സ്റ്റോറി ടെല്ലറാണു ഷംസു. കഥ കേട്ടയുടന്‍ ഞാന്‍ പടം കമിറ്റ് ചെയ്തു. അഭിലാഷിനു ഷെറിനോടുള്ള ഇഷ്ടം… അതാണ് സിനിമയുടെ ഏറ്റവും അടിസ്ഥാനവികാരം. അതു സ്കൂള്‍ തൊട്ടുള്ളതാണ്. അതു പറയാനുള്ള പേടിയും അവസാനം അയാള്‍ തന്റെ അഭിലാഷം പറയുന്നത് എങ്ങനെയെന്നതുമാണ് ഇതിന്റെ കഥവഴി. ഇതു പൂര്‍ണമായും ലവ് സ്റ്റോറിയാണ്.
കഥാപാത്രമായത്..?
എന്റെ കഥാപാത്രം ഷെറിന് മൂസ പക്വതയുള്ള പെണ്‍കുട്ടിയാണ്. ഇതില്‍ എനിക്കു നാലു വയസുള്ള മകളുണ്ട്. ആദ്യാവസാനമുള്ള വേഷം. തട്ടമിട്ട് ഇതുവരെ അഭിനയിച്ചിരുന്നില്ല. ആദ്യമായാണു മുസ്ലിം കഥാപാത്രം. ഒരുപാടു സങ്കടങ്ങളുള്ള, പക്ഷേ, അതൊന്നും പുറത്തുകാട്ടാതെ എപ്പോഴും ചിരിച്ചുകളിച്ചു നടക്കുന്ന പ്രകൃതം. കഥാപാത്രമാകാന്‍ കുറച്ചു വണ്ണംകൂട്ടണം എന്നതു മാത്രമായിരുന്നു തയാറെടുപ്പ്.
ഓരോ സീനിന്റെയും പിന്നാമ്പുറ രഹസ്യങ്ങളൊക്കെയും ചീഫ് അസോസിയേറ്റ് സാംസണ് കൃത്യമായി പറഞ്ഞുതന്നതിനാല്‍ ചെയ്യുന്ന കാര്യങ്ങളിലൊക്കെ വ്യക്തതയുണ്ടായി. കോട്ടയ്ക്കലാണു കഥാപശ്ചാത്തലം. കോഴിക്കോട് മുക്കത്തായിരുന്നു ഷൂട്ടിംഗ്. എനിക്കു ഷൂട്ടില്ലാത്ത ദിവസങ്ങളിലും സെറ്റില്ത്തന്നെയായിരുന്നു. വെല്ലുവിളികളൊന്നുമില്ലാതെ ഹാപ്പിയായി ചെയ്ത സിനിമയാണിത്.
സൈജു കുറുപ്പിനൊപ്പം…
അഭിലാഷ്- അതാണ് സൈജുവേട്ടന്റെ കഥാപാത്രം. സൈജു കുറുപ്പിനൊപ്പം ‘എങ്കിലും ചന്ദ്രികേ’യില്‍ ഉണ്ടായിരുന്നു. അതില്‍ ഒരു ദിവസത്തെ പരിചയം മാത്രം. സംസാരിക്കാന്‍ ഇത്തിരി വൈകുമെങ്കിലും സംസാരിച്ചുതുടങ്ങിയാല്‍ രസകരമാണ് വര്‍ത്തമാനം. പ്രധാനമായും സ്ക്രിപ്റ്റിനെക്കുറിച്ചാവും സംസാരം. ലൈറ്റ് സെറ്റ് ചെയ്യുന്ന ഇടവേളയില്‍ ഞങ്ങള്‍ ഡയലോഗുകൾ പറഞ്ഞുനോക്കിയിട്ടുണ്ട്.
കഥാപശ്ചാത്തലം..?
അഭിലാഷ്, ഷെറിന്, അജീഷ്…മൂവരും സ്കൂള്‍ മേറ്റ്സ്. അഭിലാഷും ഷെറിനും ഒരുമിച്ചു പഠിച്ചവരും അയല്‍വാസികളും. കൊറിയര്‍ ഏജന്‍സിയും ഫാന്‍സി ഷോപ്പും നടത്തുകയാണ് അഭിലാഷ്. ആയുര്‍വേദ ഡോക്ടറാണ് ഷെറിന്. കുറച്ചുകാലം മുംബൈയിലായിരുന്നു. അജീഷ് അഭിലാഷിന്റെ സുഹൃത്താണ്, വക്കീലാണ്. നവാസ് വള്ളിക്കുന്നാണ് ആ വേഷം ചെയ്യുന്നത്. നാട്ടിലെത്തുന്ന ഷെറിന് ഇവരെ കാണുന്നതും പിന്നീടു സംഭവിക്കുന്ന കാര്യങ്ങളുമാണു സിനിമ. തട്ടവും ഷെറിനു പ്രിയമുള്ള അത്തര്‍ ജെന്നത്തിന്റെ സുഗന്ധവുമൊക്കെ അഭിലാഷില്‍ ഓര്‍മകളുണര്‍ത്തുന്നു. ഷെറിന്റെ ബന്ധുവായ താജുവായി സ്ക്രീനിലെത്തുന്നത് അര്ജുന് അശോകന്. രസകരമായ കഥാപാത്രം. കാമറാമാന് സജാദിന്റെ ഫ്രെയിമുകളും ശ്രീഹരിയൊരുക്കിയ പാട്ടുകളും സിനിമയുടെ ഭംഗി കൂട്ടുന്നു.
മനസില്‍ തങ്ങിനില്ക്കുന്ന കഥാപാത്രം..?
കഴിഞ്ഞ വര്‍ഷം തെലുങ്കില്‍ ചെയ്ത ക എന്ന സിനിമയിലെ വേഷം. സിനിമ അവിടെ ഹിറ്റായിരുന്നു. ക എന്നാല്‍ സോള്‍. പെര്‍ഫോമന്‍സിനു പ്രാധാന്യമുള്ള ലീഡ് വേഷം. ലുക്ക് ആകെ മാറ്റി. എന്റെ കളര്‍ടോണ്‍ ഡൗണ്‍ ചെയ്തു. എന്റെയും ഹീറോയുടെയും കഥകള്‍ സമാന്തരമായി പറയുന്നു. അവസാനം കഥവഴി അവരുടെ സമാഗമത്തിലെത്തുന്നു.
സിനിമ കമിറ്റ് ചെയ്യുമ്പോള്‍ സ്ക്രീന്‍ ടൈം പരിഗണിക്കാറില്ലേ..?
സ്ക്രിപ്റ്റില്‍ എനിക്കുകൂടി താത്പര്യമുണര്‍ത്തുന്ന എതെങ്കിലുമുണ്ടാവണം. അത്തരം സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളൂ. ലീഡ് വേഷങ്ങള്‍ക്കൊപ്പം കാരക്ടര്‍ വേഷങ്ങളും പ്രിയമാണ്. കഥാപാത്രം കൂടി നല്ലതായതുകൊണ്ടാണ് കുമാരി ചെയ്തത്. പഴയകാല വേഷങ്ങള്‍ ചെയ്യണമെന്ന ആഗ്രഹവുമുണ്ടായി രുന്നു. ‘എങ്കിലും ചന്ദ്രികേ’യിലും സ്ക്രീന്‍ ടൈം കുറവാണ്. സ്ക്രിപ്റ്റിലുള്ള ഇഷ്ടമാണ് അതിലെത്തിച്ചത്. ഇതുവരെ ചെയ്ത സിനിമകളൊക്കെയും മികച്ച ടീമുകള്‍ക്കും ക്രൂവിനുമൊപ്പമാണ്.
ഇനി ഏതുതരം വേഷങ്ങള്‍..?
എന്നെ തേടിവരുന്നതിലേറെയും ലവ് സ്റ്റോറികളാണ്. നെഗറ്റീവ് റോളുകളും ആക്ഷന്‍ പടങ്ങളും ചെയ്തിട്ടില്ല. പോലീസ് വേഷങ്ങള്‍ വരാറില്ല. അത്തരത്തില്‍ വ്യത്യസ്തയുള്ള വേഷങ്ങള്‍ ആഗ്രഹമുണ്ട്. നൃത്തം പോലെ ഏതെങ്കിലും കലാരൂപവുമായി ബന്ധമുള്ള കഥാപാത്രവും പ്രതീക്ഷിക്കുന്നു. തമിഴില്‍ നിന്ന് ഇതുവരെ വന്നതില്‍ ചെയ്യണമെന്നു തോന്നിയ വേഷങ്ങളില്ല. തുടക്കം ശ്രദ്ധിക്കപ്പെട്ടില്ലെങ്കില്‍ കരിയറില്‍ തുടരാനാവില്ലല്ലോ.
പുതിയ സിനിമകള്‍..?
ലുക്ക്മാനൊപ്പം അഭിനയിച്ച പടം റിലീസിനൊരുങ്ങുന്നു. കണ്ണൂരിലെ കല്യാശേരിയിലായിരുന്നു ഷൂട്ടിംഗ്. അച്ഛന് രാമചന്ദ്രന്റെയും അമ്മ ജയശ്രീയുടെയും നാടാണ് കണ്ണൂര്‍. അതിൽ അങ്ങനെയൊരിഷ്ടം കൂടിയുണ്ട്. സുജില്‍ മാങ്ങാടാണു സംവിധാനം. കേരളവും കഥാപശ്ചാത്തലമായ ഹിന്ദിചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്രയ്ക്കും ജാന്‍വി കപൂറിനുമൊപ്പം. കാരക്ടര്‍ വേഷമാണ്. ഹിന്ദി വശമുള്ളതുകൊണ്ടുകൂടിയാണ് സെലക്ടായത്. മുംബൈയിലും ആലപ്പുഴയിലുമാണു ചിത്രീകരണം.
ടി.ജി. ബൈജുനാഥ്