തൊടുപുഴ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയിൽ നിന്നും 27 പവൻ സ്വർണവും 50,000 രൂപയും തട്ടിയെടുത്ത കേസിലെ പ്രതി സമാന തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്നറിയാൽ പോലീസ് വിശദമായ അന്വേഷണം തുടങ്ങി.
മുട്ടം പോലീസിന്റെ പിടിയിലായ കൊല്ലം പത്തനാപുരം പുന്നല ബംഗ്ലാദേശ് കോളനിയിൽ വേങ്ങവിള പടിഞ്ഞാശേരിയിൽ തൻസീറി(25)നെ കൂടുതൽ അന്വേഷണത്തിനായി മുട്ടം എസ്ഐ എൻ.എസ്.റോയിയുടെ നേതൃത്വത്തിൽ ഇന്ന് സ്വദേശമായ പത്തനാപുരത്തെത്തിച്ചു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ഫേസ്ബുക്കിലൂടെ വലയിൽ വീഴ്ത്തിയ തുടങ്ങനാട് സ്വദേശിനിയായ പെണ്‍കുട്ടിയിൽ നിന്ന് വിവാഹ വാഗ്ദാനം നൽകി രണ്ടുതവണയായി ഇയാൾ സ്വർണവും പണവും തട്ടിയെടുക്കുകയായിരുന്നു.
ഫേസ്ബുക്കിലൂടെ ബന്ധം സ്ഥാപിച്ച ഇയാൾ വിവിധ കാരണങ്ങൾ പറഞ്ഞ് മൂന്നു മാസം മുൻപാണ് പല തവണയായി സ്വർണം തട്ടിയെടുത്തത്. 12 പവൻ സ്വർണം ഇയാളിൽ നിന്നും പോലീസ് കണ്ടെടുത്തു.
ബാക്കി സ്വർണം ചാലക്കുടിയിലെ ഒരു സ്വർണക്കടയിൽ വിറ്റതായി പ്രതി പോലീസിനോടു സമ്മതിച്ചു. കൊട്ടാരക്കരയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
പണം തട്ടിയെടുത്തശേഷം രണ്ടാഴ്ചയായി മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു. കബളിക്കപ്പെട്ടെന്ന് മനസിലായ പെണ്‍കുട്ടി മുട്ടം പോലീസിൽ പരാതി നൽകുകയായിരുന്നു.
മൊബൈൽ ഫോണിന്റെ ലൊക്കേഷൻ കണ്ടെത്തി കൊട്ടാരക്കരയിലെത്തിയ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
ഇന്നു രാവിലെയാണ് പ്രതിയെ പത്തനാപുരത്തെത്തിച്ചത്. കൂടുതൽ അന്വേഷണം നടത്തുന്നതിനൊപ്പം ബാക്കിയുള്ള സ്വർണവും കണ്ടെടുക്കാനാണ് പോലീസ് നീക്കം.