കോഴിക്കോട്: ജില്ലയിൽ താപതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ചയും വ്യാഴാഴ്ചയുമാണ് താപതരംഗത്തിന് സാധ്യതയെന്ന് പ്രവചനം.
താപനില സാധാരണ താപനിലയിൽ നിന്ന് 4.5 ഡിഗ്രി സെൽഷ്യസിലും അധികം ഉയർന്നേക്കാം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
രണ്ടു ദിവസമായി കോഴിക്കെട്ടെ താപനില 37 ഡിഗ്രിക്ക് മുകളിലാണ്. ഇന്നത്തെ താപനില 37.8 ഡിഗ്രി സെൽഷ്യസും. പുറംജോലികളിൽ ഏർപ്പെടുന്നവരും നഗരങ്ങളിലും നിരത്തിലും ഉള്ളവരും വെയിലേൽക്കുന്ന സാഹചര്യം ഒഴിവാക്കി വൈകുന്നേരം നാല് വരെയെങ്കിലും തണലിലേക്ക് മാറണമെന്ന് അധികൃതർ അറിയിച്ചു.
കൂടുതൽ സമയം ചൂട് ശരീരത്തിൽ ഏൽക്കുന്ന സാഹചര്യമുണ്ടായാൽ സൂര്യഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ തോന്നുന്നവർ ഉടനെ ശരീരം തണുപ്പിക്കുകയും വിശ്രമിക്കുകയും ചെയ്യണം.
ആലപ്പുഴ, കോട്ടയം ജില്ലകളിൽ മൂന്നു മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം ജില്ലകളിൽ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.