തൃശൂർ: സ്കാനിംഗ് മെഷീനിലെ സ്പെയർ പാർട്ടുകൾ റിപ്പയറിംഗിനിടെ പഴയതു സ്ഥാപിച്ച് പുതിയതിന്റെ വില ഈടാക്കിയ ഫിലിപ്സ് കന്പനിക്കെതിരെ തൃശൂരിലെ സ്വകാര്യ സ്കാനിംഗ് സെന്റർ ഉടമ നൽകിയ പരാതിയിൽ മൂന്നു കന്പനി ഉദ്യോഗസ്ഥർ കൂടി അറസ്റ്റിൽ.
ഫിലിപ്സ് ഹെൽത്ത് കെയർ ഇന്ത്യയുടെ ഉദ്യോഗസ്ഥരായ ചെന്നൈ ഡയറക്ടർ ആർ. സുബ്രഹ്മണ്യൻ, കസ്റ്റമർ കെയർ ചെന്നൈ ഹെഡ് യു. സുനിൽ, കേരള ടെറിട്ടറി മാനേജർ രാംകുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇവർ മാസങ്ങളായി ഒളിവിലായിരുന്നു.
കേസിൽ നേരത്തെ ഫിലിപ്സ് മെഡിക്കൽ സിസ്റ്റംസിന്റെ കേരള ഡെപ്യൂട്ടി മാനേജർ ജോസഫ് സെബാസ്റ്റ്യനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.2016ലാണ് ഫിലിപ്സ് കന്പനിക്കും നാല് ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ വഞ്ചനാകുറ്റം ചുമത്തി തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.
മെഷീനിന്റെ പഴകിയ സ്പെയർപാർട്സ് മാറ്റി പുതിയതാണെന്നു പറഞ്ഞ് തൃശൂരിലെതന്നെ മറ്റൊരു ആശുപത്രിയിലെ സ്കാനിംഗ് മെഷീന്റെ പഴയ സ്പെയർപാർട്സ് സ്ഥാപിക്കുകയായിരുന്നു. പിന്നീട് സ്കാനിംഗ് മെഷീനിലെ ഗാലറിയിൽനിന്നു ലഭിച്ച ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് തട്ടിപ്പ് പുറത്തായത്.