കോട്ടയം: പല്ലിയെയും പാറ്റയെയും ഓടിക്കാനുള്ള മരുന്നിന്റെ പേരിൽ തട്ടിപ്പ്. കുമരകത്തെ ഒരു വ്യാപാരിക്ക് 1980 രൂപ നഷ്ടമായി. കാറിലെത്തിയ മൂന്നംഗ സംഘമാണ് നിമിഷങ്ങൾക്കകം വ്യാപാരിയെ കബളിപ്പിച്ച് കടന്നത്. കാറിന്റെ നന്പർ വ്യാജമാണെന്ന് പിന്നീട് കണ്ടെത്തി.
കടക്കാരന് നല്കിയത് എറണാകുളത്തുള്ള ഒരു മൊത്ത വ്യാപാര കടയുടെ ബില്ലാണ്. ഇതിലെ ഫോണ് നന്പരിൽ വിളിച്ചപ്പോൾ അതൊരു സ്കൂളാണെന്ന് വ്യക്തമായി. വളരെ നൈസായി കടയുടമയെ കബളിപ്പിച്ച് മുങ്ങിയ സംഘം ഒരാഴ്ച മുൻപ് ചോക്ലേറ്റ് വിൽപനയ്ക്കെത്തി കോട്ടയത്തെ ചില വ്യാപാരികളെ കബളിപ്പിച്ചുവെന്നും വ്യക്തമായി.
പല്ലിയെയും പാറ്റയെയും ഈച്ചയെയും ഓടിക്കാൻ വിപണിയിലെങ്ങും ഇറങ്ങാത്ത ഒരു മരുന്നുമായാണ് സംഘം എത്തിയത്. ആറ് ബണ്ടിൽ മരുന്ന് കടക്കാരനെ പിടിച്ചേൽപിച്ച് 1980 രൂപ വാങ്ങി. ഇത്രയും മരുന്ന് വർഷങ്ങൾ കഴിഞ്ഞാലും വിറ്റുതീരില്ലെന്നു ബോധ്യപ്പെട്ട കടക്കാരൻ ഇടപാടിന് വിസമ്മതിച്ചപ്പോൾ നാളെ വന്ന് പകരം മറ്റൊരു കന്പനിയുടെ ഐറ്റങ്ങൾ തരാമെന്നും പറഞ്ഞാണ് മുങ്ങിയത്.
കനിയുടെ ഓഫറുണ്ടെന്നു പറഞ്ഞാണ് കടക്കാരനെ ആദ്യം വലയിൽ വീഴ്ത്തിയത്. ഒരു ബോർഡ് നല്കുമെന്നും ബോർ്ഡ കടയ്ക്കുമുന്നിൽ വച്ചാൽ പ്രതിമാസം വൻതുക കിട്ടുമെന്നും പറഞ്ഞു. സാധനം വിൽക്കുന്പോൾ കിട്ടുന്ന ലാഭത്തിനു പുറമെയാണ് പരസ്യത്തിന്റെ വരുമാനമെന്നും വിശ്വസിപ്പിച്ചു.
ഇതോടെ കടക്കാരൻ തട്ടിപ്പുകാരുടെ കെണിയിൽ വീണു. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. മൊബൈൽ ജാമർ പോലും ഇവരുടെ കൈവശമുണ്ടായിരുന്നോ എന്നു സംശയിക്കുന്നതായി കടക്കാരൻ പറഞ്ഞു. ബില്ലിലെ നന്പരിലേക്ക് വിളിച്ച് ചെക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും കോൾ പോകുന്നില്ലായിരുന്നു. പോലീസിൽ വിവരം അറിയിച്ചിട്ടുണ്ട്.