ഓട്ടോസ്പോട്ട് /അജിത് ടോം
ഇന്നു കാണുന്ന പകിട്ടുള്ള വാഹനങ്ങൾ നിരത്തുകളെ കീഴടക്കിയിട്ടില്ലാത്ത ഒരു കാലം. അന്ന് വഴിയില്ലാത്തയിടങ്ങളും കീഴടക്കിയിരുന്ന ഒരു വാഹനമുണ്ടായിരുന്നു. കാറുകളുടെ ആവിർഭാവത്തെ തുടർന്ന് ഇന്ന് മലയോരങ്ങളിൽ മാത്രം ഒതുങ്ങിക്കൂടാൻ വിധിക്കപ്പെട്ടുക്കൊണ്ടിരിക്കുന്ന മഹീന്ദ്രയുടെ ജീപ്പുകൾ. 500ഡി, 500 ഡിഐ, 540, 550 തുടങ്ങി നിരവധി സീരീസുകളിൽ പുറത്തിറങ്ങിയെങ്കിലും ഒരുകാലത്ത് പ്രൗഢിയുടെ പ്രതീകമായി സൂക്ഷിച്ചിരുന്ന ഈ വാഹനങ്ങളുടെ സാന്നിധ്യം നിരത്തുകളിൽ ശുഷ്കമാണ്. എന്നാൽ, മുൻകാല പെരുമ തിരികെപ്പിടിക്കാനുള്ള ശക്തമായ ശ്രമം മഹീന്ദ്ര നടത്തുന്നുണ്ട്. മുൻകാലങ്ങളിൽ യാത്രാ സൗകര്യത്തിനു മാത്രമായി ജീപ്പിനെ ആളുകൾ ആശ്രയിച്ചിരുന്നെങ്കിൽ ഇപ്പോൾ വരുന്ന മോഡൽ അല്പം മൾട്ടി ടാസ്കിംഗ് ആണ്. പറഞ്ഞുവരുന്നത് ഓഫ് റോഡുകളുടെ ഇഷ്ടതാരവും തലയെടുപ്പിന്റെ രാജനുമായ മഹീന്ദ്രയുടെ താറിനെക്കുറിച്ചാണ്. പ്രായഭേദമെന്യേ വാഹനപ്രേമികളുടെ മനം കവർന്ന താറിന്റെ വിശേഷങ്ങൾ…
പുറംമോടി: വശ്യമായ സൗന്ദര്യമല്ല താറിനെ ആകർഷകമാക്കുന്നത്, മറിച്ച് തലയെടുപ്പും റഫ് ലുക്കുമാണ്. ഉയർന്ന ബോണറ്റും വലിയ ബംപറുമാണ് താറിന്റെ പ്രൗഢി. ആദ്യം പുറത്തിറക്കിയ താറിൽ സാധാരണ ബംപറാണ് നല്കിയിരുന്നതെങ്കിൽ പിന്നീട് വീതി കൂടിയതും മുൻവശത്തെ ടയറുകളെ മറയ്ക്കുന്നതും വീൽ ആർച്ചുകളോടു ചേർന്നിരിക്കുന്നതുമായ തരത്തിലേക്ക് മാറ്റുകയായിരുന്നു. മോഡി പിടിപ്പിക്കുന്നതിന് നിരവധി സാധ്യതകൾ തുറന്നു നല്കുന്ന മോഡലാണ് താർ. ജീപ്പിൽ നല്കിയിരിക്കുന്നതു പോലെയുള്ള റേഡിയേറ്റർ ഗ്രില്ലും ക്ലിയർ ലെൻസ് ഹെഡ്ലൈറ്റുമാണ് പ്രധാനമായും മുൻവശത്തുള്ളത്. വിൻഡ് ഷീൽഡിനു താഴെയായി ക്രോം ആവരണമുള്ള അക്ഷരത്തിൽ മഹീന്ദ്ര എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കൂടുതൽ മനോഹരമാക്കുന്നു.
വശങ്ങളിൽ വീതിയേറിയ വീൽ ആർച്ചാണ് പ്രത്യേകത. കൂടാതെ ഡോറിലെ വീതിയേറിയ ലൈനും വലുപ്പമുള്ളതും അനായാസം ക്രമീകരിക്കാൻ കഴിയുന്നതുമായ റിയർവ്യൂ മിററും ഭംഗിയേകുന്നു. ഡോറിനു താഴെയായുള്ള വീതിയേറിയ ഡോർ സ്റ്റെപ്പുകൾ വാഹനത്തിന്റെ ബോഡിക്കു സംരക്ഷണം ഒരുക്കുന്നുണ്ട്. പിൻഭാഗത്തും വീതിയേറിയ ബംപറുകളാണു താറിന്.
ഉൾവശം: പുറമേ കാണുന്ന റഫ്ലുക്കിന്റെ യാതൊരു ലക്ഷണവും താറിന്റെ ഉള്ളിൽ പ്രകടമല്ല. മഹീന്ദ്രയുടെ തന്നെ ബൊലേറോയോട് സാമ്യമുള്ള രീതിയിലാണ് താറിന്റെ ഇന്റീരിയറിന്റെ രൂപഘടന. ഡാഷ്ബോർഡിൽ നാല് എസി വെന്റുകൾ നല്കിയിട്ടുണ്ട്. സെന്റർ കണ്സോളിലാവട്ടെ സിസ്റ്റം ഘടിപ്പിക്കാനുള്ള സ്ഥലം ഒരുക്കിയിട്ടുണ്ട്. മ്യൂസിക് സിസ്റ്റത്തിന്റെ അഭാവമാണ് ഇന്റീരിയറിലെ പോരായ്മ. സെന്റർ കണ്സോളിന്റെ താഴെ മാന്വൽ ക്ലൈമറ്റ് കണ്ട്രോൾ യൂണിറ്റുണ്ട്. ക്രോം റിംഗുകൾ ആവരണം ചെയ്തിരിക്കുന്ന മൂന്ന് അനലോഗ് മീറ്ററുകളാണ് മീറ്റർ കൺസോളിൽ സ്ഥാനംപിടിച്ചിട്ടുള്ളത്. മുൻനിരയിൽ രണ്ട് ബക്കറ്റ് സീറ്റുകളും പിന്നിൽ മുഖാമുഖം ക്രമീകരിച്ചിരിക്കുന്ന രണ്ട് നിര സീറ്റുകളുണ്ട്. ഫാബ്രിക് മെറ്റീരിയൽ കൊണ്ടുള്ള ടോപ്പ് ആണെങ്കിലും എസിയുടെ തണുപ്പ് കൃത്യമായി താർ നിലനിർത്തുന്നുണ്ട്.
താറിന്റെ പിൻസീറ്റ് യാത്ര അല്പം പ്രയാസമായി തോന്നിയിരുന്നു. മുൻവശത്ത് സ്പ്രിംഗ് സസ്പെൻഷനും പിന്നിൽ ലീഫ് സസ്പെൻഷനുമാണ് നല്കിയിട്ടുള്ളത്. കൂടുതലും ഓഫ് റോഡ് റൈഡുകൾ ഉദ്ദേശിച്ച് പുറത്തിറക്കിയതിനാലാണ് പിൻനിര സസ്പെൻഷൻ ലീഫിൽ ഒരുക്കിയിരിക്കുന്നത്. മുന്നിലെ ടയറുകളിൽ ഡിസ്ക് ബ്രേക്കുകളും പിന്നിൽ ഡ്രം ബ്രേക്കുകളും നല്കിയത് ഇക്കാരണംകൊണ്ടാണ്. ടു വീൽ ഡ്രൈവ് മോഡിലും ഫോർ വീൽ മോഡിലും താർ എത്തുന്നുണ്ട്. എന്നാൽ, സിആർഡിഇ എൻജിനിൽ പുറത്തിറങ്ങുന്ന താർ ഫോർ വീൽ ഡ്രൈവ് മോഡിലാണ് എത്തുന്നത്.
വലുപ്പം: 3920 എംഎം നീളവും 1726 എംഎം വീതിയും 1930 എംഎം ഉയരവുമുള്ള താറിന് 200 എംഎം ഗ്രൗണ്ട് ക്ലിയറൻസും ഒരുക്കിയിട്ടുണ്ട്.
എൻജിൻ: സിആർഡിഇ, ഡിഐ എന്നീ രണ്ട് എൻജിനുകളിലാണ് താർ അവതരിപ്പിച്ചിട്ടുള്ളത്. സിആർഡിഇ എൻജിൻ മോഡലിൽ അഞ്ച് സ്പീഡ് ഗിയർബോക്സും, ഡിഐ മോഡലിൽ നാല് സ്പീഡ് ഗിയർബോക്സുമാണുള്ളത്. 2498 സിസി സിആർഡിഇ എൻജിൻ 105 ബിഎച്ച്പി കരുത്തിൽ 247 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്പോൾ 2523 സിസി ഡിഐ എൻജിൻ 63 ബിഎച്ച്പി കരുത്തിലാണ് കുതിക്കുന്നത്.