സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിറഞ്ഞു നില്ക്കാന് ഇഷ്ടപ്പെടുന്നവരാണ് എല്ലാ സിനിമാ താരങ്ങളും. എന്നാല്‍ തനിക്ക് സിനിമാ അഭിനയം സമ്മാനിച്ചത് മടുപ്പാണെന്നാണ് താരാകല്യാണ്‍ പറയുന്നത്. തന്നേക്കാള്‍ ഏറെ പ്രായക്കൂടുതലുള്ള നടന്മാരുടെ അമ്മവേഷം തുടര്‍ച്ചയായി ചെയ്യേണ്ടി വന്നതാണ് തന്നെ മടുപ്പിച്ചതെന്ന് താര പറയുന്നു. തന്റെ ഇരുപതുകളില്‍ പോലും മൂന്ന് മടങ്ങ് പ്രായക്കൂടുതലുള്ള നടന്മാരുടെ അമ്മയാകേണ്ടി വന്നിട്ടുണ്ടെന്നും ഇപ്പോഴും അതു തുടരുകയാണെന്നും താര പറയുന്നു.
സിനിമാജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം എന്നു ചൂണ്ടിക്കാണിക്കപ്പെടേണ്ട റോള്‍ ഇതുവരെ ചെയ്തതിലൊന്നുമല്ലെന്നും ഒരു ദേശീയമാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ താരാ പറഞ്ഞു. ഇതുവരെ റോളുകള്‍ക്ക് വേണ്ടി പിന്നാലെ പോയിട്ടില്ല. അഭിനയിക്കുന്ന കഥാപാത്രത്തോട് 100 ശതമാനം സത്യസന്ധത പുലര്‍ത്താന്‍ ശ്രമിക്കാറുണ്ടെന്നും താര പറയുന്നു.
സീരിയലില്‍ തന്നെ പതിവ് കഥാപാത്രങ്ങളില്‍ നിന്നും മാറ്റിയത് ഹലോ കുട്ടിച്ചാത്തനിലെ വില്ലത്തി കഥാപാത്രമാണ്. കൃഷ്ണതുളസിയിലെ പാവമായ മല്ലികയും ഹലോ കുട്ടിച്ചാത്തനിലെ പാപ്പമ്മാളും തമ്മില്‍ ഏറെ വ്യത്യസമുണ്ട്. പാപ്പമ്മാളെ അവതരിപ്പിക്കാന്‍ നൃത്തം സഹായിച്ചുവെന്നും താര പറയുന്നു. നൃത്തത്തിനാണ് താന്‍ ജീവിതത്തില്‍ ഏറ്റവുമധികം പ്രാധാന്യം കൊടുക്കുന്നതെന്നും താര പറയുന്നു.