നര്‍ത്തകി,നടി എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചയാണ് താരാ കല്യാണ്‍. ഇപ്പോള്‍ ടിക് ടോക്കില്‍ മകള്‍ സൗഭാഗ്യയ്‌ക്കൊപ്പം താര അരങ്ങു തകര്‍ക്കുകയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം താരാ കല്യാണ്‍ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയെ നിരവധി ആളുകള്‍ വിമര്‍ശിച്ചിരുന്നു. ഒരു പ്രായമേറിയ സ്ത്രീക്ക് 50 രൂപ നല്‍കിയ ശേഷം ആ വിഡിയോ ടിക് ടോകിലിട്ടതിനാണ് താരാ കല്യാണിനെതിരെ ഒരു വിഭാഗത്തിന്റെ വിമര്‍ശനം.
എന്നാല്‍ വിമര്‍ശകര്‍ക്ക് മറുപടിയുമായി താര രംഗത്തെത്തിയിരിക്കുകയാണ്. സുഭാഷിണിയമ്മ എന്ന സ്ത്രീക്ക് മരുന്നു വാങ്ങാനായാണു പണം നല്‍കിയത്. കഷ്ടപ്പെട്ടാണ് ഓരോ രൂപയും ഉണ്ടാക്കുന്നത്. അതിനാല്‍ ആ 50 രൂപ വലിയ കാര്യമാണെന്നും താര പറഞ്ഞു. 50 രൂപ കൊടുത്ത് ടിക് ടോക്ക് ചെയ്യുന്നത് പ്രഹസനമാണെന്നായിരുന്നു വിമര്‍ശനങ്ങള്‍.
‘എന്റെ ഈശ്വരാ ഞാന്‍ ഒരാള്‍ക്ക് 50 രൂപ കൊടുത്തത് ഇത്ര വലിയ പ്രശ്നമാക്കണോ ? ഞാന്‍ വിഡിയോ എന്തിന് ഇട്ടു എന്നു ചോദിച്ചാല്‍ എന്റെ സന്തോഷത്തിന് വേണ്ടി ഇട്ടതാണ്. 50രൂപ വളരെ കുറവാണ് എന്നു ചിന്തിക്കുന്നവരോട് ഞാന്‍ പറയട്ടേ, ആ 50 രൂപ ഞാന്‍ ഒത്തിരി കഷ്ടപ്പെട്ടാണ് ഉണ്ടാക്കുന്നത്. ആ 50 രൂപ എനിക്ക് വല്യേ കാര്യമാണ്. അത് പൊങ്ങച്ചം പറയുന്നതോ ഭംഗി വാക്ക് പറയുന്നതോ അല്ല. ഒരു 10 രൂപ പോലും കഷ്ടപ്പെട്ടു തന്നെയാണ് ഉണ്ടാക്കുന്നത്. കഷ്ടപ്പെട്ടു കാശുണ്ടാക്കുന്നവര്‍ക്ക് അതിന്റെ വില അറിയാനാകും. ‘
‘നമ്മള് ഒരാളുടെ കണ്ണുനീര്‍ ഒപ്പമ്പോള്‍ അതിനൊരു വില പറയാന്‍ പറ്റോ? അത് ചീപ്പാണ് എന്നു പറയാന്‍ പറ്റോ ? എനിക്കത് വലിയ സന്തോഷം തരുന്ന കാര്യമാണ്. ഒരു നന്മയുണ്ടെന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. പിന്നെ എന്തിന് ടിക് ടോക്കില്‍ ഇട്ടു എന്ന് ചോദിച്ചാല്‍ അതെന്റെ ആത്മാവിഷ്‌കാരമാണ്. ഞാന്‍ ഇനിയും ഇടുക തന്നെ ചെയ്യും. എന്നെ ഇഷ്ടമില്ലാത്തവര്‍ എന്തിനാ വെറുതെ ട്രോള്‍ ചെയ്യാന്‍ വരുന്നത്. ഞാന്‍ നിങ്ങളെ വിമര്‍ശിക്കാന്‍ വരുന്നില്ലല്ലോ. ഞാന്‍ ചെയ്യാറില്ല. എന്നെ വെറുതെ വിട്ടേക്ക്. ഞാന്‍ ഇഷ്ടമുള്ളത് ചെയ്തോട്ടെ. നല്ലതു വിചാരിച്ച് ചെയ്തതാണ്’ താരാ കല്യാണ്‍ പറയുന്നു. എന്തായാലും വിമര്‍ശനങ്ങള്‍ ഏറിയപ്പോള്‍ താര ടിക് ടോക്കില്‍ നിന്ന് വീഡിയോ നീക്കം ചെയ്തിരുന്നു.