അച്ഛന്‍ മരിച്ചത് ഡെങ്കിപ്പനി ബാധിച്ചല്ല; സത്യാവസ്ഥ വെളിപ്പെടുത്തി താര കല്യാണിന്റെ മകള്‍

നര്‍ത്തകിയും നടിയുമായ താരാ കല്യാണിന്റെ ഭര്‍ത്താവ് രാജാ വെങ്കിടേഷ് എന്ന രാജാറാമിന്റെ മരണവാര്‍ത്ത ഏവരും ഞെട്ടലോടെയാണ് കേട്ടത്. പെട്ടെന്നു പിടിച്ച പനിയായിരുന്നു മരണകാരണം. എന്നാല്‍ ഡെങ്കിപ്പനിയാണ് മരണകാരണമെന്നാണ് പല മാധ്യമങ്ങളും പറഞ്ഞത്. വേദനിക്കുന്ന നിമിഷത്തിലും അച്ഛന്റെ മരണവാര്‍ത്തയെ തെറ്റായി നല്‍കിയവര്‍ക്കെതിരെ ഫേസ്ബുക്കിലൂടെ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് രാജാറാമിന്റെ പുത്രിയും ഡബ്സ്മാഷ് വിഡിയോകളിലൂടെ സോഷ്യല്‍ മീഡിയയ്ക്കു സുപരിചിതയുമായ സൗഭാഗ്യ.

അച്ഛന്റെ മരണത്തിനു കാരണമായത് ഡെങ്കിപ്പനിയല്ല മറിച്ച് വൈറല്‍ ഫീവര്‍ ഗുരുതരമായി ചെസ്റ്റ് ഇന്‍ഫക്ഷനിലേക്ക് എത്തിയതാണെന്ന് സൗഭാഗ്യ പറയുന്നു. കൂടാതെ നിരവധി സീരിയലുകളില്‍ ഹീറോ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള രാജാറാമിനെ പല മാധ്യമങ്ങളും ഏതാനും സീരിയലുകളിലും സിനിമകളിലും ചെറുവേഷങ്ങളില്‍ എത്തിയ അഭിനേതാവ് എന്നാണു വിശേഷിപ്പിച്ചിരുന്നത്, ഇതു തന്നെ വിഷമിപ്പിച്ചുവെന്നും തന്റെ അച്ഛന്‍ കരിയറില്‍ അത്ര വലിയ വിജയം കാഴ്ച്ച വച്ചില്ലെങ്കിലും നിരവധി സീരിയലുകളില്‍ ഹീറോ ആയി അഭിനയിച്ചിട്ടുള്ള ആളാണെന്നും സൗഭാഗ്യ പറയുന്നു. എന്നെന്നും തന്റെ ഹീറോ ആയിരിക്കും ഡാഡി എന്നു പറഞ്ഞാണ് സൗഭാഗ്യയുടെ കുറിപ്പ് അവസാനിക്കുന്നത്.

”ഞങ്ങള്‍ക്ക് അദ്ദേഹത്തെ നഷ്ടപ്പെട്ടു. എനിക്ക് ഇങ്ങനെയൊരു പോസ്റ്റ് ഇടണം എന്നുണ്ടായിരുന്നില്ല, പക്ഷേ വാര്‍ത്തകളൊക്കെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. അച്ഛന് ഡെങ്കിപ്പനി ഉണ്ടായിരുന്നില്ല, വൈറല്‍ ഫീവര്‍ ആയിരുന്നു. അതു പിന്നീട് ഗുരുതരമായ ചെസ്റ്റ് ഇന്‍ഫക്ഷനാവുകയായിരുന്നു. അമൃത ഹോസ്പിറ്റലില്‍ എത്തിച്ചിരുന്നുവെങ്കിലും അപ്പോഴേക്കും സെപ്റ്റിസെമിയ എന്ന മറ്റൊരു ഗുരുതര അവസ്ഥയിലേക്ക് എത്തിയിരുന്നു. അത് അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തി. ആശുപത്രിയില്‍ ഒമ്പതു ദിവസം ഉണ്ടായിരുന്നു. ആരും ദയവുചെയ്ത് തെറ്റായ വിവരങ്ങള്‍ നല്‍കരുത്.

അദ്ദേഹത്തിന് വളരെ വിജയകരമായൊരു കരിയര്‍ ഉണ്ടായില്ലായിരിക്കാം, പക്ഷേ മാധ്യമങ്ങള്‍ അദ്ദേഹത്തെ അത്ര പ്രശസ്തനല്ലാത്തൊരു നടന്‍ എന്നു പറഞ്ഞു പരിചയപ്പെടുത്തുമ്പോള്‍ എനിക്കേറെ വിഷമമുണ്ട്. എന്റെ അച്ഛന്‍ ദേശാടനപ്പക്ഷികള്‍ എന്ന സീരിയലിലെ ഹീറോ ആയിരുന്നു, ആദ്യസീരിയലായ നിഴല്‍ യുദ്ധത്തിലും അദ്ദേഹം ഹീറോ ആയിരുന്നു. ആ പട്ടിക തുടരും.. ഇരുപതോളം മെഗാ സീരിയലുകളില്‍ ഹീറോ ആയിരുന്നു അദ്ദേഹം.

മിനിസ്‌ക്രീനിലെ സുന്ദരനായ ഹീറോ ആയിരുന്നു അദ്ദേഹം. ഇവയൊന്നും മാധ്യമങ്ങള്‍ പറഞ്ഞില്ലെങ്കിലും ഞാന്‍ അഭിമാനത്തോടെ തന്നെ പറയും. തെറ്റായ വാര്‍ത്തകള്‍ എന്റെ അച്ഛനെ അപമാനിക്കുന്നവയാണ്. മുകളില്‍ പറഞ്ഞതിലെല്ലാം ഉപരി അദ്ദേഹം ഒരു നല്ല മനുഷ്യനായിരുന്നു. എനിക്ക് പ്രിയപ്പെട്ട അച്ഛനും എന്റെ അമ്മയ്ക്ക് സ്‌നേഹവാനായ ഭര്‍ത്താവുമായിരുന്നു. അച്ഛന്‍ എന്നെന്നും എന്റെ ഹീറോ ആയിരിക്കും. ‘ പോസ്റ്റ് ഇങ്ങനെ അവസാനിക്കുന്നു. പെണ്‍കുട്ടിയുടെ പോസ്റ്റിനു താഴെ മാധ്യമങ്ങളെ വിമര്‍ശിച്ചു കൊണ്ട് ധാരാളം ആളുകള്‍ കമന്റിട്ടിട്ടുണ്ട്.

 

Related posts