ഏറ്റുമാനൂർ: നഗരമധ്യത്തിലെ താരാ ഹോട്ടലിൽ മാരകായുധങ്ങളുമായി ആക്രമണം നടത്തിയ പ്രതികളിൽ ഒരാളെ തിരിച്ചറിഞ്ഞു. അതിരന്പുഴ അമ്മഞ്ചേരി സ്വദേശി ക്രിസ്റ്റിയെയാണ് സിസിടിവി ദൃശ്യങ്ങളിലൂടെ തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. ഇയാൾ പല കേസുകളിലും പ്രതിയാണ്.
അക്രമത്തിനു നേതൃത്വം നല്കിയ പ്രതികൾ ഇന്നലെ അതിരന്പുഴയിലുള്ളതായി പോലീസിന് വിവരം ലഭിച്ചിരുന്നെങ്കിലും പോലീസ് എത്തുന്നതിന് മുൻപ് ഇവർ കടന്ന് കളഞ്ഞിരുന്നു.
ഞായാറാഴ്ച രാത്രി 11 ഓടെ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറിയ സംഘം അര മണിക്കൂറുകളോളം ഹോട്ടലിൽ ഭീതി പടർത്തി അഴിഞ്ഞാടുകയായിരുന്നു. ഹോട്ടലിന്റെ റിസപ്ഷൻ കൗണ്ടർ ഉൾപ്പെടെ വെട്ടിപ്പൊളിക്കുകയും ഹോട്ടലുടമയേയും ജീവനക്കാരനെയും മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
ഹോട്ടൽ അടയ്ക്കാനൊരുങ്ങവെ ചിക്കൻഫ്രൈ ആവശ്യപ്പെട്ട് ഇരുചക്രവാഹനത്തിൽ എത്തിയ രണ്ടംഗസംഘമാണ് അക്രമം അഴിച്ചുവിട്ടത്. ഭക്ഷണസാധനങ്ങൾ തീർന്നെന്നും കട അടയ്ക്കാനൊരുങ്ങുകയാണെന്നും പറഞ്ഞതോടെ അസഭ്യവർഷവുമായി ഇരുവരും കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
തുടർന്ന് കടയുടെ വെളിയിലേക്കിറങ്ങിയ യുവാക്കളിൽ ഒരാൾ വാക്കത്തി പോലുള്ള ആയുധവുമായി തിരികെ ഹോട്ടലിനുള്ളിലേക്ക് കടന്നാണ് ആക്രമണം നടത്തിയത്. ഇതേസമയം മറ്റെയാൾ ഹോട്ടലിനുവെളിയിൽ കാത്തു നിൽക്കുകയായിരുന്നു.
ഇവരുടെ ആക്രമണത്തിൽ ഹോട്ടലുടമ ഏറ്റുമാനൂർ കാശാംകാട്ടേൽ രാജു ജോസഫ് (61), ജീവനക്കാരൻ തമിഴ്നാട് സ്വദേശി വിജയ് (34) എന്നിവർക്കാണ് പരിക്കേറ്റത്.
വിജയ് തെള്ളകത്ത സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. റിസപ്ഷൻ കൗണ്ടർ വെട്ടിപ്പൊളിച്ച സംഘം മേശയിലുണ്ടായിരുന്ന അയ്യായിരത്തോളം രൂപയും അപഹരിച്ചിരുന്നു.
വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും ഇരുവരും ബൈക്കിൽ കളന്നു കളഞ്ഞിരുന്നു. സംഭവത്തിലെ പ്രതികൾക്കായി പോലീസ് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്.