വ്യാജ ഫേസ്ബുക്ക് പേജുകളിലൂടെ ഫോട്ടോഷോപ്പിലൂടെ അശ്ലീല ഫോട്ടോ പ്രചരിപ്പിച്ചവര്‍ക്കെതിരേ ധീരമായ ചെറുത്തുനില്പുമായി ഒരു പെണ്‍കുട്ടി രംഗത്ത്. കരുവാക്കുണ്ട് സ്വദേശിനിയായ താര നന്ദിക്കരയാണ് വ്യാജ അക്കൗണ്ടിനെതിരേ രംഗത്തുവന്നിരിക്കുന്നത്. കോട്ടയത്ത് 86കാരനും മരുകമകളും തമ്മിലുള്ള വീഡിയോ കാണാം എന്ന തലക്കെട്ടോടെ സോഷ്യല്‍മീഡിയയില്‍ കറങ്ങിനടന്ന പോസ്റ്റിനെതിരേയാണ് ഇവര്‍ പോരാട്ടം തുടങ്ങിയത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് താനും മുത്തച്ഛനും കൂടുയുള്ള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്ന് താര പറയുന്നു. രണ്ടു വട്ടമാണ് ചിത്രം ദുരുപയോഗം ചെയ്യപ്പെട്ടത്. ആദ്യത്തേത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്താണ്. താരയുടെ മുത്തച്ഛന്റെ മുഖഛായയുള്ള ഡിഎംകെ നേതാവ് അന്‍പഴകന്റെ പ്രതിഛായ തകര്‍ക്കാന്‍ വേണ്ടി എതിരാളികളാണ് ചിത്രം ഉപയോഗിച്ചത്.
താരയുടെ ഫേസ്ബുക്ക് പോസ്റ്റില്‍നിന്ന്- ഏകദേശം മൂന്നര വര്‍ഷം മുന്‍പ് ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്ത എന്റെയും മുത്തശന്റെയും കൂടിയുള്ള ഫോട്ടോ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ദുരുപയോഗം ചെയ്തതായി അറിഞ്ഞിരുന്നു. രാഷ്ട്രീയക്കാരെ കുറിച്ച്! കള്ളവാര്‍ത്തകള്‍ ഉണ്ടാക്കി വിടുന്ന ഏതോ തമിഴ് പേജിലാണ് അത് കണ്ടത്. ഡിഎംകെ നേതാവും സ്ഥാനാര്‍ഥിയുമായിരുന്ന അന്പഴകന് എന്നയാള്‍ക്ക് എന്റെ മുത്തശനുമായുള്ള മുഖച്ഛായ മുതലെടുത്തായിരുന്നു ആ വാര്‍ത്ത. പാര്‍ട്ടിക്കാരുടെ പരസ്പരം താറടിച്ചു കാണിക്കാനുള്ള കെട്ടി ചമയ്ക്കല്‍ വാര്‍ത്തകളുടെ സ്ഥിരം ശൈലിയില്‍ വന്ന ഒരെണ്ണം. എന്റെ ഭര്‍ത്താവിന്റെ തമിഴ്നാട്ടിലുള്ള ഒരു സുഹൃത്താണ് അത് കണ്ടു ഞാനാണെന്ന് മനസിലാക്കി ശ്രദ്ധയില്‍ പെടുത്തിയത്. അന്നതിനെതിരെ പോലിസ് സ്റ്റേഷനിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. അതിന്റെ പിന്നാലെ തൂങ്ങാന്‍ വയ്യാത്തോണ്ട് ഞാനും അത് വിട്ടു.
എന്നാല്‍ രണ്ട് ദിവസം മുന്‍പ് ഇതേ ഫോട്ടോ വ്യാജ അശ്ലീല വാര്‍ത്തകള്‍ മാത്രം പ്രചരിപ്പിക്കുന്ന മറ്റൊരു മലയാളം പേജില്‍ ഉപയോഗിച്ചിരിക്കുന്നതായി ചില സുഹൃത്തുക്കള്‍ ശ്രദ്ധയില്‍പെടുത്തി. 86 വയസുള്ള കോട്ടയംകാരന്റെയും 24 കാരിയായ മരുമകളുടെയും വീഡിയോ വാട്സാപ്പില്‍ കണ്ട് ഗള്‍ഫിലുള്ള ചെറിയ മകന് ഞെട്ടി (ആഹാ എത്ര മനോഹരം!) എന്നാണ് ‘വാര്‍ത്ത’!!! ലിങ്കില്‍ ക്ലിക് ചെയ്താല്‍ ഒരു പിണ്ണാക്കും ലോഡാവില്ല! തമ്പ്നെയിലായി മുത്തശ്ശന് എന്നെ ഉമ്മ വെക്കണ ഫോട്ടോയും! പേജില്‍ പോയി നോക്കിയപ്പോള്‍ അതിലുള്ള എല്ലാ വാര്‍ത്തയും ഈ തരം! എല്ലാത്തിനും തമ്പ് നെയില്‍ മാത്രം. ലിങ്ക് ഒന്നും പ്രവര്‍ത്തിക്കില്ല. 94000 ലൈക് ഉണ്ട് പേജിന്!! ഇക്കണ്ട ആള്ക്കാര് മുഴുവന്‍ ഈ വക വാര്‍ത്ത ഫോളോ ചെയ്യുന്നുണ്ടെന്ന് സാരം!
ഇത് പടച്ചു വിട്ടവരോട്:
കുറച്ച് തിരുത്തുണ്ട്. ആ ഫോട്ടോയില്‍ കാണുന്നത് എന്റെ മുത്തശ്ശനാണ്, ഭര്‍ത്താവിന്റെ അച്ഛനല്ല! മുത്തശ്ശന് 84 വയസായിട്ടേള്ളൂ. രണ്ട് വയസു കൂട്ടി ഇട്ടണ്ടല്ലോ! എനിക്ക് 27 വയസുണ്ട്. 3 വയസ് കുറച്ചിട്ടതില്‍ സന്തോഷം! ഞങ്ങള്‍ കരുവാരകുണ്ടുകാരാണ്, കോട്ടയവുമായി കോട്ടയം കുഞ്ഞച്ചന് കണ്ട പരിചയം മാത്രേള്ളൂ! പിന്നെ ഈ ‘വാര്‍ത്ത’ കണ്ട് ഗള്‍ഫില്‍ ഇരുന്നു ഞെട്ടാന്‍ എന്റെ ഭര്‍ത്താവ് ഗള്‍ഫിലുമല്ല, മൂപ്പരെ ഞാന്‍ അല്ലാണ്ടെ തന്നെ ആവശ്യത്തിന് ഞെട്ടിക്കുന്നുമുണ്ട്. മാസ്സ് റിപ്പോര്‍ട്ട് ചെയ്ത് പോസ്റ്റ് നീക്കം ചെയ്യിച്ചിട്ടുണ്ട്. എങ്കിലും പല പോസ്റ്റുകളും മിനുട്ട് വെച്ച് ഇതില്‍ റീഷെയര്‍ ചെയ്തു കണ്ടത് കൊണ്ട് ഇതും അങ്ങനെ ഷെയര്‍ ചെയ്തു പോയിട്ടുണ്ടാവാന്‍ സാധ്യതയുണ്ട്. ഇത് തന്നെ ഒരു പണിയായി കൊണ്ട് നടക്കുന്നവരല്ലേ! പേജ് പൂട്ടിക്കാന്‍ നോക്കീട്ട് സാധിക്കുന്നില്ല. അതിന് സാധിക്കുമെങ്കില്‍ താഴെയുള്ള ലിങ്കില്‍ പോയി റിപ്പോര്‍ട്ട് ചെയ്തു സഹായിക്കുക.