പത്തനംതിട്ട: നിക്ഷേപത്തട്ടിപ്പു കേസില്‍ പോലീസില്‍ കീഴടങ്ങിയ ഓമല്ലൂര്‍ തറയില്‍ ഫിനാന്‍സ് ഉടമ സജി സാമിനെ ഇന്നു കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ തെളിവെടുപ്പുകള്‍ക്കും ചോദ്യം ചെയ്യലിനുമായി കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷയും പോലീസ് നല്‍കും.
പത്തനംതിട്ട ഡിവൈഎസ്പി പ്രദീപ് കുമാറിന് മുന്നിലാണ് സജി സാം ഇന്നലെ കീഴടങ്ങിയത്. നിക്ഷേപകരുടെ പണം വെട്ടിപ്പു നടത്തി മുങ്ങിയ സജി സാമിനെതിരെ പത്തനംതിട്ട, അടൂര്‍, പത്തനാപുരം പോലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്.
പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ബിനീഷ് ലാലിന്റെ നേതൃത്വത്തില്‍ സജി സാമിനെ ചോദ്യം ചെയ്തു. തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ആര്.നിശാന്തിനി പറഞ്ഞു.
1992ലാണ് തറയില്‍ ബാങ്കേഴ്സ് ആരംഭിച്ചത്. സജി സാമിന്റെ പിതാവാണു സ്ഥാപനം തുടങ്ങിയത്. സ്വര്‍ണപ്പണയ വായ്പകളിന്മേല് പണം കൊടുക്കാനുള്ള ലൈസന്‍സ് മാത്രമാണ് അന്നുണ്ടായിരുന്നത്.
ഇതിന്റെ മറവില്‍ തുടര്‍ന്ന് നിക്ഷേപങ്ങള്‍ സ്വീകരിച്ചുതുടങ്ങി. സജി സാമിന്റെ മാതാപിതാക്കളായിരുന്നു പാര്‍ട്ണര്‍മാര്‍. ഇവരുടെ മരണശേഷം, സജി ഭാര്യയെക്കൂടി പാര്‍ട്ണറാക്കി. തുടര്‍ന്നു പലയിടത്തായി മൂന്നു സ്ഥാപനങ്ങള്‍ കൂടി ആരംഭിച്ചു. കൂടാതെ പെട്രോള്‍ പമ്പും തുടങ്ങി.
ചെറുതും വലുതുമായ തുകകള്‍ നിക്ഷേപമായി സ്വീകരിക്കുകയും, വന്‍തോതില്‍ പണം സമ്പാദിക്കുകയും ചെയ്ത സജി ഒടുവില്‍ നിക്ഷേപകരെ പറ്റിച്ച് മുങ്ങുകയായിരുന്നു. തുടര്‍ന്ന് നിക്ഷേപകര്‍ പരാതിയുമായി പോലീസിനെ സമീപിച്ചു.
പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ 23 കേസുകളും അടൂരില്‍ 24 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ തട്ടിപ്പിനെപ്പറ്റിയും തുകയെപ്പറ്റിയും വ്യക്തമായ വിവരം ലഭിക്കുകയുള്ളൂവെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. കോടിക്കണക്കിനു രൂപയുടെ തട്ടിപ്പാണ് പരാതിയില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
നിക്ഷേപകര്‍ക്ക് പലിശ കൃത്യമായി നല്കിവന്നിരുന്നുവെങ്കിലും കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതു മുടങ്ങിയതോടെയാണ് തര്‍ക്കമായത്. തുടര്‍ന്ന് നിക്ഷേപകരുടെ പരാതികളില്‍ ഒത്തുതീര്‍പ്പ്് ചര്‍ച്ചകളും മറ്റും നടന്നു. നിശ്ചിത കാലാവധിയില്‍ പണം തിരികെ ലഭിക്കാതെ വന്നതോടെ പരാതികളായി.
ഇതിനിടെ നിക്ഷേപകരില്‍ പലരും സജി സാമിനെ സമീപിക്കുകയും ആഡംബര കാറുകള്‍ അടക്കം എടുത്തുകൊണ്ടുപോകുകയും ചെയ്തതായി പറയുന്നു. ഭൂമി ഉള്‍പ്പെടെയുള്ളതിന്റെ രേഖകളും നിക്ഷേപകരില്‍ ചിലര്‍ കൈവശപ്പെടുത്തിയിട്ടുണ്ട്. വീടും മൂന്നു സെന്റ് സ്ഥലവുമാണ് നിലവില്‍ സജിയുടെ ഉടമസ്ഥതയിലുള്ളതെന്ന് പറയുന്നു.
ഭാര്യയുടെ പേരിലുള്ള പെട്രോള്‍ പമ്പിന്റെ ലൈസന്‍സി ഉണ്ടെങ്കിലും ഇതിലും ബാധ്യതയുള്ളതായി സൂചനയുണ്ട്. എന്നാല്‍ പണം തിരികെ നല്‍കാനാകുമെന്ന പ്രതീക്ഷയാണ് സജി സാം ഇന്നലെയും പറഞ്ഞത്.
നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് അടച്ചുപൂട്ടിയ പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുമായി സജിക്കുണ്ടായിരുന്ന ബന്ധവും അന്വേഷിക്കുന്നുണ്ട്. തറയില്‍ ഫിനാന്‍സിന്റെ പേരിലുണ്ടായിരുന്ന പണത്തിലൊരു ഭാഗം ഇതിലൂടെ നഷ്ടമായിട്ടുണ്ടെന്ന സൂചന പോലീസ് ലഭിച്ചിരുന്നു.