പത്തനംതിട്ട: നിക്ഷേപതട്ടിപ്പ് കേസിൽ റിമാൻഡിലായ തറയിൽ ഫിനാൻസ് ഉടമ സജി സാമിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. ഇന്നലെ പത്തനംതിട്ട സി ജെ എം കോടതി റിമാൻഡ് ചെയ്ത സജി സാമിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് അയച്ചിരുന്നു. കേസിൽ കൂടുതൽ അന്വേഷണത്തിന് വേണ്ടിയാണ് കസ്റ്റഡി അപേക്ഷ നൽകുന്നത്.
വ്യാഴാഴ്ച രാവിലെ സജി സാമിനെയും കൊണ്ട് ഓമല്ലൂരിലെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുത്തു. താൻ ഒളിവിലല്ലായിരുന്നെന്നും തറയിൽ ഗാർഡൻസ് എന്ന വീടിനുളളിൽ ഒറ്റയ്ക്ക് കഴിയുകയായിരുന്നെന്നുമാണ് സജി സാം പോലീസിന് നൽകിയ മൊഴി.
ഭാര്യയും മകനും ബന്ധുവീട്ടിലാണ് ഉള്ളതെന്നും പോലീസിനോട് സജി സാം പറഞ്ഞു. ആറ് ദിവസമായി സ്വിച്ച് ഒാഫ് ചെയ്യപ്പെട്ടിരുന്ന മൂന്ന് പേരുടെയും മൊബൈൽ ഫോണുകൾ ഓഫാകുന്നതിന് മുമ്പ് ഒാമല്ലൂർ ടവർ പരിധിയിലാണ് ഉണ്ടായിരുന്നത്.
ആകെയുള്ളത് അഞ്ച് സെന്റ് സ്ഥലവും വീടും കാറും മാത്രമാണ് തന്റെ പേരിലുള്ളത്. ഓമല്ലൂർ കുരിശുകവലയ്ക്ക് സമീപമുള്ള അഞ്ച് സെന്റ് സ്ഥലവും മൂന്നു നില വീടും കാറും മാത്രമാണുള്ളതെന്ന് സജി സാം ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞു.
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് പുറത്തുവന്നതോടെ പണം നഷ്ടപ്പെടുമെന്ന് ഭയന്ന് തറയിൽ ഫിനാൻസിൽ നിന്നും നിക്ഷേപകർ കൂട്ടത്തോടെ പണം പിൻവലിച്ചതാണ് സ്ഥാപനത്തിന് തകർച്ചയ്ക്ക് കാരണമെന്ന് സജി സാം പോലീസിനോട് പറഞ്ഞു. സ്വർണപ്പണയത്തിന്മേലുളള വായ്പകൾ കുറഞ്ഞതോടെ ബിസിനസ് നഷ്ടത്തിലായി.
ഇതോടെ നിക്ഷേപത്തുകയിൽ നിന്നു തന്നെ പലിശ നൽകേണ്ടിവന്നു. പിന്നീട് പലിശ നൽകാനോ നിക്ഷേപത്തുക നൽകാനോ ശമ്പളം വിതരണം ചെയ്യാനോ കഴിയാത്ത സാഹചര്യത്തിൽ സ്ഥാപനം പൂട്ടുകയായിരുന്നെന്ന് സജി സാം പോലീസിനോട് പറഞ്ഞു.
സമീപകാലത്ത് രണ്ട് ഇടപാടുകളിലായി 52.5 സെന്റ് സ്ഥലം വിറ്റു. പമ്പ് നടത്തിപ്പ് മറ്റൊരാൾക്ക് കൈമാറി. ബി എം ഡബ്ലിയു അടക്കം ഉണ്ടായിരുന്ന നാല് വാഹനങ്ങൾ വൻ തുക നിക്ഷേപിച്ചവർക്ക് പണത്തിനു പകരം നൽകി.
അതേസമയം തറയിൽ ഫിനാൻസിൽ സ്വീകരിച്ച കോടികളിൽ, കാര്യമായി ഇനിയൊന്നുംഅവശേഷിക്കുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു.