ന്യൂഡൽഹി: കാഷ്മീരിലെ സിപിഎം നേതാവും എംഎൽഎയുമായ യൂസഫ് തരിഗാമിയെ നേരിൽ കാണാൻ സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി കാഷ്മീരിലേക്ക് പുറപ്പെട്ടു. സുപ്രീം കോടതി അനുമതി ലഭിച്ചതിനു പിന്നാലെയാണ് യെച്ചൂരി കാഷ്മീരിലേക്ക് പുറപ്പെട്ടത്. തന്റെ പാർട്ടിയുട അംഗത്തെ കാണുമെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില വിലയിരുത്തുമെന്നും യെച്ചൂരി പറഞ്ഞു.
തരിഗാമിയെ സന്ദർശിച്ച ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനിലയേക്കുറിച്ച് സുപ്രീംകോടതിയിൽ സത്യവാംഗ്മൂലം നൽകും. വിഷയത്തിൽ കാഷ്മീർ ഗവർണറുടെ നിലപാടുകൾ അംഗീകരിക്കാനാകില്ലെന്നും ജനാധിപത്യത്തിൽ എല്ലാവരുടെയും അവകാശങ്ങൾ മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത് മൂന്നാം തവണയാണ് യെച്ചൂരി കാഷ്മീരിലേക്ക് പുറപ്പെട്ടുന്നത്.
മുൻപ് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജയ്ക്കൊപ്പവും രാഹുൽ ഗാന്ധി ഉൾപ്പെട്ട പ്രതിപക്ഷ സംഘത്തിന്റെയൊപ്പവും യെച്ചൂരി കാഷ്മീരിലേക്ക് പുറപ്പെട്ടിരുന്നുവെങ്കിലും അവിടെ നിന്ന് തിരിച്ചയക്കപ്പെട്ടിരുന്നു. ബുധനാഴ്ചയാണ് യെച്ചൂരിക്ക് തരിഗാമിയ കാണുന്നതിന് സുപ്രീംകോടതി അനുമതി നല്കിയത്. ഇന്ത്യയിൽ എവിടെയും പോയി ആർക്കും ആരെയും കാണാമെന്നും പൗരന് സഹപ്രവർത്തകനെ കാണാനുള്ള അനുമതി നിഷേധിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
തരിഗാമിയെ കാണാൻ ബന്ധുക്കൾക്ക് മാത്രമേ അനുമതി നൽകാവൂ എന്നും യെച്ചൂരിക്ക് അനുമതി നൽകരുതെന്നുമുള്ള കേന്ദ്ര സർക്കാരിന്റെ ആവശ്യം തള്ളിയായിരുന്നു കോടതി നടപടി. അതേസമയം, തരിഗാമിയെ സന്ദർശിക്കാനുള്ള അനുമതി രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കരുതെന്നും കോടതി യെച്ചൂരിക്ക് നിർദേശം നൽകിയിട്ടുണ്ട്.
അങ്ങനെ ഏതെങ്കിലും തരത്തിൽ യെച്ചൂരി വ്യവസ്ഥകൾ ലംഘിച്ചാൽ അതിനെ കോടതി അലക്ഷ്യമായി കാണുമെന്നും സുപ്രീംകോടതി അറയിച്ചിരുന്നു.