തരികിട സാബു എന്ന സാബുമോന്‍ വിവാദങ്ങളുടെ കളിത്തോഴനാണ്. മലയാളത്തിലെ ജനപ്രിയ റിയാലിറ്റി ഷോ ബിഗ്‌ബോസില്‍ വിജയിയായെങ്കിലും സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ നിര്‍ബാധം തുടരുന്ന വ്യക്തിയാണ് സാബു.
ശിഖണ്ഡി എന്ന പദം ഉപയോഗിക്കുന്നത് ഒരു കുറ്റകൃത്യം ആണോ, ട്രാന്‍സ് വുമണ്‍ ഒരു സ്ത്രീയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? തുടങ്ങിയ തലക്കെട്ടുകളില്‍ സാബു ആരംഭിച്ച ക്ലബ് ഹൗസ് ചര്‍ച്ചകളാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്.
ഇത്തരത്തിലുള്ള ട്രാന്‍സ്‌ഫോബിക് പരാമര്‍ശം നടത്തിയ സാബുമോനെതിരേ പ്രതിഷേധം ശക്തമാകുകയാണ്.
നിരവധിപേരാണ് സാബുമോനെതിരേ പ്രതിഷേധിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. സംസാരിക്കാന്‍ ഗ്രൂപ്പില്‍ കയറുന്ന ക്വിയര്‍ സുഹൃത്തുക്കളെ സംസാരിക്കാന്‍ അനുവദിക്കാതെ ഇറക്കിവിട്ടുവെന്നും വലിഞ്ഞു കയറി വന്നവരാണെന്ന തരത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നും അര്‍ജുന്‍ പി.സി. എന്ന മെഡിക്കല്‍ വിദ്യാര്‍ഥി ഫേസ്ബുക്കിലെഴുതി.
2014 നല്‍സ ജഡ്ജ്‌മെന്റ് ,ട്രാന്‍സ്‌ജെന്റര്‍പോളിസി 2015, ട്രാന്‍സ്‌റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ആക്റ്റ് നിലനില്‍ക്കെ ട്രാന്‍സ് യുവതികള്‍ പെണ്ണാണോ? ശിഖണ്ഡി എന്ന പദം ഉപയോഗിക്കാമോ? തുടങ്ങിയ ചോദ്യങ്ങള്‍ സാബു മോനും കൂട്ടാളികളും ചേര്‍ന്ന് ചര്‍ച്ച ചെയ്യുന്നതിലെ ആണത്ത പ്രിവിലേജും നിയമബോധം ഉണ്ടെന്ന തോന്നലും സാബുവിന്റെ മാത്രം പ്രിവിലേജ് ആണെന്ന് കരുതണമെന്ന് ശീതള്‍ ശ്യാം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
സാബുമോനും ഗ്രൂപ്പിലുള്ളവര്‍ക്കുമെതിരെ പരാതി നല്‍കുമെന്നും ശീതള്‍ ശ്യാം അടക്കമുള്ള ആക്ടിവിസ്റ്റുകള്‍ പറഞ്ഞു. ക്വിയര്‍ ആക്ടിവിസ്റ്റ് ആയ പ്രിജിത്ത് പി.കെയും സാബുമോന്റെ പരാമര്‍ശത്തിനെതിരെ നിയമപരമായി പരാതി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
ട്രാന്‍സ്‌ജെന്‍ഡര്‍ മനുഷ്യരെ ട്രാന്‍സ് വ്യക്തികള്‍ എന്ന് അഭിസംബോധന ചെയ്യണം എന്ന് സര്‍ക്കാര്‍ ഉത്തരവ് പാസാക്കിയിട്ടുള്ളതാണെന്നും അവരുടെ പേരിടല്‍ ചടങ്ങ് നടത്താന്‍ സാബുമോന്‍ ആരാണെന്നും ശീതള്‍ ശ്യാം ചോദിക്കുന്നു.