ന്യൂഡൽഹി: രാഹുൽ ഇത്തവണയും വയനാട്ടിൽതന്നെ മത്സരിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ.
രാഹുൽ വയനാട്ടിൽ മാത്രമേ മത്സരിക്കുകയുള്ളുവെന്നും രണ്ടാമതൊരു മണ്ഡലത്തിൽ അദ്ദേഹം മത്സരിക്കുകയില്ലെന്നും താരിഖ് അൻവർ വ്യക്തമാക്കി. വയനാട്ടിൽ രാഹുൽ വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ നിലവിലുള്ള എംപിമാർ എല്ലാവരും മത്സരിക്കും. എന്നാൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ മത്സരിക്കണോ എന്ന് അദ്ദേഹം തന്നെ തീരുമാനിക്കട്ടെയും അൻവർ വ്യക്തമാക്കി. കെ.സി. വേണുഗോപാൽ മത്സരിക്കാൻ സാധ്യതയില്ലെന്നും അൻവർ അറിയിച്ചു.
പാർട്ടി ചുമതലയുള്ളതിനാലാണ് അദ്ദേഹം മത്സരിക്കാത്തത്. വേണുഗോപാൽ തന്റെ മുൻ മണ്ഡലമായ ആലപ്പുഴയിൽ നിന്നും വീണ്ടും മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് താരിഖ് ഇക്കാര്യം അറിയിച്ചത്.