കരുവാരക്കുണ്ട്: അതിജീവനത്തിനുള്ള സ്നേഹാക്ഷരങ്ങളുമായി തരിശ് ജിഎൽപി സ്കൂളിലെ വിദ്യാർഥികൾ കൊടുങ്ങല്ലൂരിലെത്തി. പ്രളയം കാരണം നോട്ടുപുസ്തകങ്ങൾ നഷ്ടപ്പെട്ട തൃശൂർ ജില്ലയിലെ വിദ്യാർഥികൾക്കു പാഠഭാഗങ്ങൾ എഴുതിയ നോട്ടുപുസ്തകങ്ങളുമായാണ് തരിശ് ജിഎൽപി സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും ഇന്നലെ യാത്ര പുറപ്പെട്ടത്. കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തംഗം ഇ. സൈനബ യാത്രയുടെ ഫ്ളാഗ് ഓഫ്് നിർവഹിച്ചു.
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ഉപജില്ലയിലെ വിദ്യാർഥികൾക്കു വേണ്ടിയാണ് തരിശ് ജിഎൽപി സ്കൂളിലെ വിദ്യാർഥികൾ പാഠഭാഗങ്ങൾ എഴുതിയ നോട്ടുപുസ്തകങ്ങൾ തയാറാക്കി നൽകിയത്. കഴിഞ്ഞ ഞായറാഴ്ച്ച മുതൽ വിദ്യാർഥികളും അധ്യാപകരും അതിന്റെ തിരക്കിലായിരുന്നു.
പ്രളയത്തെ തുടർന്ന് കൊടുങ്ങല്ലൂർ ഉപജില്ലയിലെ നിരവധി വിദ്യാർഥികൾക്കാണ് പഠനോപകരണങ്ങൾ നഷ്ടമായത്. പാഠപുസ്തകങ്ങൾ സർക്കാരും ഇനിയുള്ള പാഠഭാഗങ്ങൾ എഴുതിവയ്ക്കാനുള്ള നോട്ടുപുസ്തകങ്ങൾ വിവിധ കൂട്ടായ്മകളും നൽകുമെങ്കിലും നോട്ടുകൾ എഴുതി നൽകാൻ ആരും തയാറാകണമെന്നില്ല.
ജൂണ് ഒന്നു മുതൽ ഇതുവരെ എടുത്തു തീർത്തത് രണ്ടു പാഠഭാഗങ്ങളാണ്. ഇത്രയും പാഠഭാഗങ്ങൾ എഴുതിയ നോട്ട് ബുക്കുകൾ കൊടുങ്ങല്ലൂരിലെ വിദ്യാർഥികൾക്കു നൽകാൻ തരിശ് സ്കൂളിലെ വിദ്യാർഥികൾക്കൊപ്പം അധ്യാപകരും പൂർവവിദ്യാർഥികളും കൈകോർക്കുകയായിരുന്നു. ഇന്നലെ രാവിലെ ഏഴിനാണ് സ്കൂളിൽ നിന്നു വിദ്യാർഥികളും അധ്യാപകരുമടങ്ങിയ സംഘം കൊടുങ്ങല്ലൂരിലേക്കു യാത്ര തിരിച്ചത്.
വിദ്യാർഥികളുടെ ഈ ഉദ്യമം ഏറെ മാതൃകാപരമാണെന്ന് സ്കൂൾ പ്രധാനാധ്യാപിക കെ.അനിത പറഞ്ഞു. പിടിഎ പ്രസിഡന്റ് കെ.ടി ഹാരിസ്, അധ്യാപകരായ വി. സതീഷ്കുമാർ, എം. മാനസ, എം. കൃഷ്ണൻകുട്ടി, രഘു എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർഥികൾ കൊടുങ്ങല്ലൂരിലെത്തിയത്. സഹപാഠികൾക്ക് പകരംവയ്ക്കാൻ കഴിയാത്ത സേവനം നൽകി വിദ്യാർഥി സംഘം വൈകിട്ട് തിരിച്ചെത്തി.