മണ്ണാർക്കാട്: ഏതാനും മാസങ്ങളായി ജില്ലയിൽ തുടരുന്ന കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് തെങ്കരയിൽ ഹെക്ടർകണക്കിന് നെൽകൃഷി തരിശിട്ടു. കാലാവസ്ഥാവ്യതിയാനവും വന്യജീവികളുടെ ആക്രമണവും കാരണമാണ് തെങ്കര പഞ്ചായത്തിൽ വ്യാപകമായി കൃഷിഭൂമി തരിശിടുന്നതെന്ന് അധികൃതർ പറഞ്ഞു.
തെങ്കര ഗ്രാമപഞ്ചായത്തിലെ മെഴുകുംപാറ, മേലാമുറി, കൊറ്റിയോട് പാടശേഖരങ്ങളിലാണ് ഹെക്ടർ കണക്കിന് നെൽവയൽ തരിശിട്ടിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി പാലക്കാട് ജില്ലയിലും പ്രധാന കാർഷികമേഖലയായ തെങ്കരയിലും മറ്റും വലിയ കാലാവസ്ഥ വ്യതിയാനമാണ് അനുഭവപ്പെടുന്നത്.
വേണ്ട രീതിയിൽ മഴ ലഭിക്കാതിരിക്കുകയും ചില സമയങ്ങളിൽ അളവിൽ കവിഞ്ഞ് മഴ ലഭിക്കുകയും ശക്തമായ വേനൽ അനുഭവപ്പെടുകയും ചെയ്യുന്നു. ഇതെല്ലാം കാർഷിക മേഖലയ്ക്ക് തിരിച്ചടി ആവുകയാണ്.കൃഷി പ്രധാന ഉപജീവന മാർഗമായി കരുതി കൃഷിയിറക്കി ജീവിക്കുന്നവരാണ് തെങ്കരയിലെ കർഷകർ. ഇവിടെയാണ് കൃഷിഭൂമി തരിശിശിട്ടു വന്നിരിക്കുന്നത്. ഇത് കർഷകർക്കുള്ള കനത്ത തിരിച്ചടിതന്നെയാണ്.
കഴിഞ്ഞ പ്രളയത്തിലും അതുകഴിഞ്ഞുവന്ന ശക്തമായ വേനലിലും ഹെക്ടർകണക്കിന് കൃഷിഭൂമിയാണ് ഇവിടെ നശിച്ചത്. തെങ്കര ഗ്രാമപഞ്ചായത്തിൽമാത്രം അഞ്ചുകോടിരൂപയുടെ കൃഷിനാശം ഉണ്ടായതായാണ് പ്രാഥമിക കണക്ക്.പ്രധാനമായും നെല്ല്, കവുങ്ങ്, വാഴ തുടങ്ങിയ വിളകൾ കൃഷി ചെയ്ത് ഉപജീവനം കഴിക്കുന്നവരാണ് ഇവിടെയുള്ളവർ. ഇത്തരം കൃഷികൾ വ്യാപകമായ തോതിലാണ് നശിച്ചത്.
ഇത് കാരണം പുതിയതായി കൃഷിയിറക്കുവാൻ ആരുംതന്നെ തയ്യാറാകുന്നില്ല.മാത്രമല്ല കൃഷിനാശം ഉണ്ടായവർ്ക്കുള്ള ധനസഹായ വിതരണം നാമമാത്രമായി ഒതുങ്ങുന്നതിലും പരാതിയുണ്ട്. ആയിരക്കണക്കിന് കർഷകരാണ് കാർഷിക ധനസഹായത്തിനായി അപേക്ഷ നൽകി ഇരിക്കുന്നത്.
സർക്കാരിന്റെ ഭാഗത്തുനിന്നും ഒരുവിധ സഹായം ലഭിക്കാതിരിക്കുകയും കാലാവസ്ഥ വ്യതിയാനവും കർഷകരെ നെൽകൃഷിയിൽ നിന്നും വേർപെട്ട് പോകുവാൻ കാരണമായി. മറ്റു സംസ്ഥാനങ്ങൾ ചെയ്യുന്നതുപോലെ കാർഷികമേഖലയ്ക്ക് കൂടുതൽ മുൻഗണന നൽകണമെന്ന ആവശ്യത്തിന് ഇപ്പോൾ പ്രാധാന്യം ഇല്ലാതായ അവസ്ഥയിലാണ്. തെങ്കര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 10 ഹെക്ടറോളം ഭൂമിയാണ് തരിശിട്ടിരിക്കുന്നത്.