തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ച് നടത്തിയ പ്രസ്താവനയിൽ ശശി തരൂർ എംപിയ്ക്കെതിരെ നടപടിയില്ല. വിഷയം വിവാദമായതിനേത്തുടർന്ന് തരൂർ നൽകിയ വിശദീകരണം പരിശോധിച്ച ശേഷമാണ് കെപിസിസി ഇത്തരമൊരു നിർദേശം നൽകിയത്. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും പാർട്ടി നേതൃത്വം നേതാക്കൾക്ക് നിർദേശം നൽകി.
തന്നെ ഒരു മോദി സ്തുതിപാഠകനായി ചിത്രീകരിക്കുകയാണ് ചിലർ ചെയ്യുന്നതെന്ന് തരൂർ വിശദീകരണത്തിൽ വ്യക്തമാക്കിയിരുന്നു. മോദിയെ താൻ സ്തുതിച്ചിട്ടില്ലെന്നും മോദി ചെയ്ത നല്ല കാര്യങ്ങളെ നല്ലത് എന്ന് പറയുക മാത്രമാണ് താൻ ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അങ്ങനെ ചെയ്തെങ്കിൽ മാത്രമേ അദ്ദേഹത്തെ വിമർശിക്കാനുമാകൂ എന്നും പ്രധാനമന്ത്രിയെ താൻ വിമർശിച്ചതിന്റെ പത്തുശതമാനം പോലും കേരള നേതാക്കൾ ആരും വിമർശിച്ചിട്ടില്ലെന്നും തരൂർ വിശദീകരണത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തനിക്ക് അയച്ച മെയിൽ ചോർന്നതിലെ അതൃപ്തിയും തരൂർ പ്രകടിപ്പിച്ചിരുന്നു. നേരത്തെ, തരൂരിന്റെ നിലപാടിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ തുടങ്ങി നിരവധി കോൺഗ്രസ് നേതാക്കൾ തരൂരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു.