തിരുവനന്തപുരം: തരൂർ വിവാദത്തിൽ അഭിപ്രായം പറയുന്നില്ലെന്നും വിവാദങ്ങൾ ഉണ്ടാക്കി സിപിഎം അജണ്ടയിൽ വീഴരുതെന്നും രമേശ് ചെന്നിത്തല.രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പുള്ള തരൂരിന്റെ അഭിമുഖമാണ് പുറത്തുവന്നിരിക്കുന്നത്. പിന്നീടൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. കോൺഗ്രസിൽ അഭിപ്രായം പറയാനുള്ള ജനാധിപത്യ അവകാശമുണ്ട്. പഴയ ഗ്രൂപ്പ് വഴക്ക് പോലുള്ള സങ്കീർണ അവസ്ഥ ഇപ്പോൾ ഇല്ല.
ബിജെപിയുമായി കൂട്ടുകൂടാനാണ് പാർട്ടി കോൺഗ്രസ് കരട് രാഷ്ട്രീയ പ്രമേയത്തിലൂടെ സിപിഎമ്മിന്റെ ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു.അനാവശ്യ വിവാദങ്ങളിൽനിന്നു കോൺഗ്രസ് നേതാക്കൾ വിട്ടു നിൽക്കണം. ഒറ്റക്കെട്ടായി മുന്നോട്ട് പോകേണ്ടതിന്റെയും വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കേണ്ടതിന്റെ യും സമയമാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിൽ എല്ലാ നേതാക്കളും അനിവാര്യരാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
അതേസമയം കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ശശിതരൂരിന്റെ വിവാദ അഭിമുഖത്തിൽ കോണ്ഗ്രസ് നേതാക്കളും യൂത്ത് കോണ്ഗ്രസ് നേതാക്കളും കടുത്ത അതൃപ്തിയിൽ ആണ്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും വിജയം നേടാനായി പാർട്ടി ഒറ്റക്കെട്ടായി ശക്തമായി മുന്നോട്ട് പോകുന്പോൾ തരൂർ നടത്തുന്ന പ്രസ്താവനകളും നിലപാടുകളും പാർട്ടിയെ ദോഷകരമായി ബാധിക്കുമെന്ന് നേതാക്കൾ ആശങ്കപ്പെടുന്നു.
നിരന്തരം പാർട്ടിയെ സമ്മർദത്തിലാക്കുന്ന പ്രസ്താവനകൾ നടത്തുന്ന തരൂരിന് ശക്തമായ താക്കീത് നൽകാൻ ഹൈക്കമാൻഡ് തയാറാകണമെന്നാണ് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കൾ ആവശ്യപ്പെടുന്നത്. തരൂരിന്റെ വിവാദ പ്രസ്താവനകളുടെ പശ്ചാത്തലത്തിൽ ഇന്ന് നടക്കുന്ന കെപിസിസി നേതൃയോഗത്തിൽ വിഷയം ചർച്ചയാകും.
തരൂരിനെതിരേ കടുത്ത നിലപാട് കൈക്കൊള്ളാൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരനോടും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനോടും ഇതിനോടകം തന്നെ മുതിർന്ന നേതാക്കൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ പരസ്യ പ്രതികരണം വേണ്ടെന്ന പാർട്ടി നിർദേശമുള്ളതിനാലാണ് പല നേതാക്കളും പരസ്യമായി അഭിപ്രായം പറയാത്തതിന് കാരണം.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, എംഎം. ഹസ്സൻ, കെ.സി.ജോസഫ്, ബെന്നി ബെഹനാൻ, കൊടിക്കുന്നിൽ സുരേഷ് ഉൾപ്പെടെയുള്ള പല നേതാക്കൾക്കും തരൂരിന്റെ പല നിലപാടുകളോടും വിയോജിപ്പുണ്ട്. യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ് ലിംലീഗിനും തരൂരിന്റെ അനാവശ്യ പ്രസ്താവനകളും നിലപാടുകളും ഉൾക്കൊള്ളാനാകാത്ത സ്ഥിതിയാണ്.
കോണ്ഗ്രസിനെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ട് പോകാനും വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ശക്തമായി തിരിച്ച് വരാനുമുള്ള ശ്രമങ്ങളാണ് കോണ്ഗ്രസ് നേതാക്കളും പ്രവർത്തകരും ചെയ്യേണ്ടതെന്നാണ് പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ അഭിപ്രായം.
അനവസരത്തിലുള്ള പ്രസ്താവനകൾ അവസാനിപ്പിക്കണമെന്ന് പല നേതാക്കളും തരൂരിന് ഉദ്ദേശിച്ച് പരോക്ഷമായി നിലപാടുകൾ വ്യക്തമാക്കിയിട്ടുണ്ട്. തരൂരിന്റെ നിലപാട് സിപിഎമ്മിനെയും ഇടതുമുന്നണിയെയും വീണ്ടും അധികാരത്തിലെത്തിക്കുന്നതിന് ഇടയാക്കിയേക്കുമെന്ന ആശങ്കയാണ് മുതിർന്ന നേതാക്കൾക്കുള്ളത്.