ഇടുക്കി: ശാന്തൻപാറ ചിന്നക്കനാൽ 301 കോളനിയിൽ തുടലിൽ ബന്ധിച്ച നിലയിൽ യുവാവ് തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന സംശയത്തെ തുടർന്ന് പോലീസ് വിശദമായ അന്വേഷണം തുടങ്ങി.
പ്രാഥമിക അന്വേഷണത്തിലാണ് സംഭവം കൊലപാതകമെന്ന സൂചന പോലീസിനു ലഭിച്ചത്.301 കോളനിയിൽ താമസിക്കുന്ന നിമ്മിയുടെ മകൻ തരുണി(23)ന്റെ മൃതദേഹമാണ് വീട്ടിലെ ജനലഴിയിൽ തുടലിൽ ബന്ധിച്ച നിലയിൽ ഇന്നലെ വൈകുന്നേരം ആറരയോടെ കണ്ടെത്തിയത്.
കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ജനലഴിയിൽ കെട്ടിയ തുടൽ അരയിൽ ബന്ധിച്ച് വീടിനു പുറത്തു നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം.
തരുണിന് ചെറിയ മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ബിരുദ പഠനം പൂർത്തിയാക്കിയ തരുണ്‍ പക്ഷാഘാതം പിടിപെട്ടതിനെ തുടർന്ന് വീട്ടിൽ ചികിൽസയിൽ കഴിയുകയായിരുന്നു.
ഇതിനു പുറമെ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ശസ്ത്രക്രിയയും നടത്തിയിരുന്നു.സംഭവ സമയം തരുണിന്റെ അമ്മ സാറ തുണി കഴുകാൻ പുറത്തു പോയിരിക്കുകയായിരുന്നു.
ഇവരുടെ അമ്മ അമ്മിണി വീട്ടിലുണ്ടായിരുന്നെങ്കിലും പ്രായാധിക്യം മൂലം ഇവർക്ക് പുറത്ത് ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല. മറ്റൊരാൾ കൂടി ഇവർക്കൊപ്പം താമസമുണ്ടായിരുന്നതായി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്.
ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ മാതാവിനെയും മറ്റും വിശദമായി ചോദ്യം ചെയ്യും. തരുണിന് ജീവനൊടുക്കേണ്ട സാഹചര്യമില്ലെന്നാണ് പരിസര വാസികൾ പറയുന്നത്.
കൂടുതൽ പരിശോധനയ്ക്കു ശേഷമെ മരണകാരണം വ്യക്തമാകു എന്ന് ശാന്തൻപാറ എസ്എച്ച്ഒ പറഞ്ഞു. തരുണിന്റെ മൃതദേഹം പോലീസ് കാവലിൽ സംഭവ സ്ഥലത്തു തന്നെ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചതിനു ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റും.