മലയാളത്തിലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം സൗദി വെള്ളക്ക നേടിയതിൽ ഏറെ സന്തോഷവും അഭിമാനവുമെന്ന് സംവിധായകൻ തരുൺ മൂർത്തി. മോഹൻലാലും ശോഭനയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച പുതിയ ചിത്രത്തിന്റെ എഡിറ്റിംഗ് ജോലികൾ നടന്നു വരുന്നതിനിടയിലാണ് ദേശീയ പുരസ്കാരം ലഭിച്ച കാര്യം അറിഞ്ഞത്.
തന്റെ ആദ്യത്തെ രണ്ടു സിനിമകളും ജനം ഏറ്റെടുത്തതോടെ പ്രേക്ഷകരോടുള്ള ഉത്തരവാദിത്വം കൂടിയതിനാൽ ചിത്രം ചെയ്യുന്നതിൽ ഏറെ സൂക്ഷ്മത പുലർത്തുന്നു. ആദ്യ ചിത്രമായ ഓപ്പറേഷൻ ജാവ 100 ദിവസത്തിലധികം ഓടി. മികച്ച അഭിപ്രായം നേടിയ സൗദി വെള്ളക്ക തിയറ്ററിൽ 53 ദിവസം നിറഞ്ഞോടി. ചിത്രത്തിൽ ഉമ്മയുടെ വേഷം ചെയ്ത ദേവി വർമയ്ക്ക് മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.
വസ്ത്രാലങ്കാരത്തിന് മഞ്ജു രാധാകൃഷ്ണനും ഡബ്ബിംഗിന് പോളി വൽസനും പുരസ്കാരം ലഭിച്ചു.
ചലച്ചിത്ര രംഗത്തെ പ്രമുഖരടക്കം നല്ല അഭിപ്രായം പറഞ്ഞ സൗദി വെള്ളക്കയ്ക്ക് ദേശീയ അവാർഡ് ലഭിച്ചത് തനിക്ക് വലിയ ഊർജമാണു നൽകുന്നതെന്ന് തരുൺ മൂർത്തി പറഞ്ഞു. മോഹൻലാൽ സിനിമ റിലീസ് ചെയ്തതിനു ശേഷം അന്തരിച്ച നടൻ പപ്പുവിന്റെ മകൻ ബിനു പപ്പു എഴുതുന്ന സിനിമ സംവിധാനം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും.
തരുണിന്റെ സിനിമ ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ടത് ജന്മനാടായ വൈക്കത്തിനും അഭിമാനമായി. തരുണിന്റെ മൂന്നു സിനിമകളിലും പിതാവ് ഡി. മധു അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുന്ന മോഹൻലാൽ ചിത്രത്തിൽ ഡി. മധുവിന് ശ്രദ്ധേയമായ വേഷമുണ്ട്. മാതാവ്: വിനു. ഭാര്യ രേവതി റോയിയും മക്കളും തരുണിന്റെ കലാജീവിതത്തിന് പിൻബലമേകുന്നു.