ചിറ്റൂർ: തകർന്ന തത്തമംഗലം അയ്യൻകുളത്തിന്റെ പാർശ്വഭിത്തിയുടെ പുനർനിർമാണം തുടങ്ങി. നൂറുവർഷംമുന്പ് ഒരേക്കർ സ്ഥലത്താണ് കുളിക്കടവുമായി കുളം നിർമിച്ചത്. കാലപ്പഴക്കംമൂലം കുളത്തിനു പടിഞ്ഞാറുഭാഗത്തെ ബണ്ടിന്റെ കരിങ്കല്ലുകൾ ഇടിഞ്ഞുവീണിരുന്നു.ഓഗസ്റ്റിലുണ്ടായ പ്രളയത്തിൽ കുത്തിയൊലിച്ചെത്തിയ വെള്ളം ബണ്ടിനെ ദുർബലപ്പെടുത്തി. ചിറ്റൂർ-തത്തമംഗലം നഗരസഭ പന്ത്രണ്ടുലക്ഷം രൂപ ചെലവഴിച്ചാണ് കുളത്തിന്റെ സംരക്ഷണപ്രവൃത്തികൾ നടത്തുന്നത്.
കുളത്തിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുന്നതിനു മോട്ടോർപന്പ് ഉപയോഗിച്ച് വെള്ളം പന്പ് ചെയ്ത് പുറത്തേക്കു വിട്ടു. കാലവർഷം ആരംഭിക്കുന്നതിനുമുന്പ് ജോലികൾ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് ദ്രുതഗതിയിൽ നിർമാണം പൂരോഗമിക്കുന്നത്.
കുളത്തിനു ചുറ്റും താമസിക്കുന്ന അന്പതോളം കുടുംബങ്ങൾ കുളിക്കാനും വസ്ത്രശുചീകരണത്തിനു വർഷങ്ങളായി അയ്യംകുളമാണ് ഉപയോഗിക്കുന്നത്. വേനൽക്കാലത്തുപോലും കുളത്തിൽ ആവശ്യത്തിനു വെള്ളവുമുണ്ടാകും. നിലവിലുള്ള നാലുകടവുകൾക്കു പുറമേ പടിഞ്ഞാറു ഭാഗത്ത് ഒരെണ്ണം കൂടി നിർമിക്കുന്നുണ്ട്. പ്രഭാതസമയത്ത് കൂടുതലായി എത്തുന്നവർക്കായാണ് ഒരു കടവുകൂടി നിർമിക്കുന്നത്.