ചിറ്റൂർ: തത്തമംഗലം ബസ് സ്റ്റാൻഡ് ഭിക്ഷാടകരും തെരുവ് നായകളുടെയും അഭയ കേന്ദ്രമായതോടെ ബസ് കയറാനെത്തുന്നവർ റോഡുവക്കത്തെ മരച്ചുവട്ടിലാണ് നിൽപ്പ്. യാത്രക്കാർ ബന്ധപ്പെട്ട ചിറ്റൂർ-തത്തമംഗലം നഗരസഭയിലറിയിച്ചാലും നടപടികൾ ഉണ്ടാവുന്നില്ലെന്നതാണ് പരാതി. യാത്രക്കാരുടെ ഇരിപ്പിട ഭാഗങ്ങളിൽ തന്പടിച്ചിരിക്കുന്ന നായകൾ പരസ്പരം കടിച്ചുകീറി ഭീകരത സൃഷ്ടിക്കാറുമുണ്ട്്.
ഭിക്ഷാടകർ തങ്ങളുടെ ഭാണ്ഡങ്ങളും ഇരിപ്പിടങ്ങൾക്കു സമീപമാണ് വെച്ചിരിക്കുന്നത്. ബസ് സ്റ്റാൻഡിനു സമീപത്ത് നഗരസഭ മൂത്രപ്പുര നിർമ്മിച്ചിട്ടുണ്ടെങ്കിലും വൈകുന്നേര സമയങ്ങളിൽ സ്റ്റാൻ ഡിനകത്താണ് മുത്ര വിസർജനവും പുകവലിയും. വൈകുന്നേരം അഞ്ചു മണി കഴിയുന്നതോടെ കഞ്ചാവ് വിൽപ്പന സംഘവും പിടിമുറുക്കുകയാണ്.
മുന്പ്് ഒളിത്തും മറഞ്ഞുംകഞ്ചാവ് വിൽപ്പന നടത്തുന്നവർ ഇപ്പോൾ യാത്രക്കാരോട് നേരിട്ട് പൊതി കാണിച്ച് കച്ചവടം തുടങ്ങിയിരിക്കുകയാണ്. പകൽ സമയങ്ങളിൽ ഹോം ഗാർഡിനെ സ്റ്റാൻഡിൽ നിയോഗിച്ചിരുന്നതും പിൻവലിച്ചതോടെ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിനു സഹായമായിരിക്കുകയാണ്.
ഇതിനിടെ ബസ്സുകളും സ്റ്റാൻഡിൽ കയറാതായതോടെ കോന്പൗണ് വിജനമായിട്ടുണ്ട്. പലരും ബസ് അകത്ത് വരുമെന്ന് കരുതി ദീർഘനേരം കഴിഞ്ഞ് വ്യാപാരികളോട് അന്വേഷിക്കുന്പോഴാണ്ബസ് റോഡിലൂടെ കടന്നുപോയതറിയുന്നത്.
കോടികൾ ചിലവഴിച്ച് ബസ് സ്റ്റാൻഡ് നിർമ്മിച്ച നഗരസഭ അധികൃതർക്ക് ഇതു പൊതുജനത്തിനു പ്രയോജനമാവുംവിധം ക്രമീകരിക്കാൻ കഴിയില്ലെന്നതാണ് കഴിഞ്ഞ ഒരു വർഷകാല അനുഭവംസാക്ഷ്യപ്പെടുത്തുന്നത്. അടിയന്തരമായി സ്റ്റാൻഡിൽ ശുചീകരണം നടത്തുകയും സാമുഹ്യ വിരുദ്ധരെ പിടികൂടാൻ നീരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നതും നാട്ടുകാരുടെ ആവശ്യമായിരിക്കുകയാണ്.