ചിറ്റൂർ: ഫ്ളാറ്റ് നിർമിച്ചുനല്കുമെന്നു വാഗ്ദാനം നല്കി കുടിയിറക്കപ്പെട്ട പതിനാലു കുടുംബങ്ങളുടെ ജീവിതം നരകതുല്യം. തത്തമംഗലം നഗരസഭയിൽ ഉൾപ്പെട്ട വെള്ളപ്പനയിലാണ് ഒന്നരവർഷംമുന്പ് ഈ കുടുംബങ്ങളെ കുടിയിറക്കിയത്. എന്നാൽ നാളിതുവരെയും ഫ്ളാറ്റ് നിർമിക്കുന്നതിനു പ്രാഥമികനടപടിപോലുമായില്ല.
കുടിയിറക്കപ്പെട്ട സ്ഥലത്തിനു 150 മീറ്റർ അകലെ സ്വകാര്യവ്യക്തിയുടെ പറന്പിലെ കുളവരന്പിലാണ് കുടുംബങ്ങൾ താത്കാലികമായി ഓലക്കുടിൽ കെട്ടി താമസിക്കുന്നത്. താമസക്കാർക്കു കാട്ടുപന്നി ആക്രമണവും പാന്പുകടിയേല്ക്കുന്നതും പതിവാണ്.രണ്ടുദിവസം മുന്പ് ബഷീർ എന്നയാളുടെ ഭാര്യ ജന്നത്തിന് അഞ്ചാംതവണയും പാന്പിന്റെ കടിയേറ്റിരുന്നു. സമീപത്തെ വിഷ ചികിത്സാകേന്ദ്രത്തിലാണ്
പാന്പുകടിക്കു ചികിത്സ തേടിയത്. ഇതേവീടിന്റെ സമീപവാസിയായ റിഫാസി (21)നും പാന്പുകടിയേറ്റിരുന്നു.
ഓലപ്പുരയ്ക്കകത്ത് പാന്പുകളെ കാണുന്നത് പതിവായതിനാൽ രാത്രികാലങ്ങളിൽ കുട്ടികൾ അയൽപക്കത്തെ വീടുകളിലാണ് ഉറങ്ങുന്നത്. പതിനാലു വീടുകളിലും രാത്രികാലത്ത് മണ്ണെണ്ണ വിളക്കിലാണ് കുട്ടികൾ പഠിക്കുന്നത്. മഴമൂലം വീടുകൾക്കുസമീപം വെള്ളം കെട്ടിനില്ക്കുന്നതിനാൽ പ്രായാധിക്യമുള്ള ദൈവാന കഴിഞ്ഞദിവസം കാൽവഴുതിവീണ് പരിക്കേറ്റു ചികിത്സയിലാണ്.
കുളക്കരയിൽ താമസമാക്കിയ ബേബി ഷക്കീലയുടെ ഭർത്താവ് അസീസ് പനിബാധിച്ചും മരിച്ചിരുന്നു. കാലവർഷം തുടങ്ങിയതോടെ കൊതുകുശല്യവും വർധിച്ചു. താമസയോഗ്യമല്ലാത്ത പറന്പിൽനിന്നും നിലവിൽ കുടുംബങ്ങൾ വാടകവീടുകളിലേക്കു മാറുകയാണ്. ബാക്കിയുള്ളവർ കുളവരന്പിൽതന്നെ തണുത്തു വിറച്ചു കഴിയുകയാണ്.
ലൈഫ് മിഷൻപദ്ധതി എപ്പോൾ മുതൽ പ്രാവർത്തികമാകുമെന്ന് നഗരസഭ സെക്രട്ടറിയോട് അന്വേഷിച്ചാൽ മറുപടിയും ലഭിക്കാറില്ലത്രേ. കുടിയിറക്കുന്നതിനുമുന്പ് താമസിച്ചിരുന്ന സ്ഥലത്ത് വൈദ്യുതീകരിച്ച വീടുകളിലാണ് വെള്ളപ്പന കോളനിക്കാർ കഴിഞ്ഞിരുന്നത്. കൂടാതെ നഗരസഭ ലക്ഷങ്ങൾ മുടക്കി പൊതുകക്കൂസും നിർമിച്ചിരുന്നു.
ഇപ്പോൾ പതിനഞ്ചോളം കുട്ടികൾക്ക് രാത്രികാലത്ത് പഠനസൗകര്യവും ഇല്ലാതായിരിക്കുകയാണ്. കോളനിനിവാസികളായ വീട്ടമ്മമാർ ഒരേസ്വരത്തിൽ ആവശ്യപ്പെടുന്നത് തങ്ങൾ മുന്പ് താമസിച്ച സ്ഥലത്തുതന്നെ കുടിൽകെട്ടാൻ അനുവദിക്കണമെന്നും ഫ്ളാറ്റുകൾ ലഭിച്ചില്ലെങ്കിലും മുൻകാലത്തെ സൗകര്യങ്ങൾ ഉറപ്പാക്കണമെന്നുമാണ്.
ലൈഫ് മിഷൻപദ്ധതി ആവിഷ്കരിച്ചതിനാൽ തങ്ങൾ നിസഹായരാണെന്ന നിലപാടിലാണ് ചിറ്റൂർ-തത്തമംഗലം നഗരസഭ അധികൃതർ. മഴ ശക്തമായാൽ വയൽവരന്പിലെ താമസക്കാരുടെ ജീവിതം കൂടുതൽ ദുസഹമാകുമെന്ന ഭീതിയിലാണ് ഇവർ.