ചിറ്റൂർ: ലോകബാങ്കിന്റെ ധനസഹായത്തോടെ ചിറ്റൂർ-തത്തമംഗലം നഗരസഭ തത്തമംഗലത്ത് നിർമിച്ച ബസ് സ്റ്റാൻഡ് സാമൂഹ്യവിരുദ്ധരുടെയും ലഹരിവസ്തുക്കളുടെ വില്പനകേന്ദ്രമായി മാറി. കൂടാതെ സ്റ്റാൻഡിൽ അനധികൃത പാർക്കിംഗും വ്യാപകമാണ്.സമീപത്തെ വർക്ക് ഷോപ്പിലേക്കു കൊണ്ടുവരുന്ന വാഹനങ്ങളും ഇവിടെയാണ് പാർക്ക് ചെയ്യുന്നത്.
അനധികൃത കൈയേറ്റം നഗരസഭയെ അറിയിച്ചാലും നടപടിയുണ്ടാകാറില്ലത്രേ. ലോറി, പെട്ടിഓട്ടോ, സ്കൂൾ ബസ് എന്നിവ പാർക്ക് ചെയ്യാൻ തുടങ്ങിയതോടെ സർവീസ് ബസുകൾ ഇവിടേയ്ക്ക് എത്താതെ റോഡിൽനിന്നും യാത്രക്കാരെ കയറ്റുന്ന സ്ഥിതിയാണ്.
ഇതിനു പുറമേ ബസ് സ്റ്റാൻഡ് കോന്പൗണ്ടിൽ ശുചീകരണവും നടക്കുന്നില്ല. വൈകുന്നേരമാകുന്നതോടെ കഞ്ചാവുവില്പനക്കാരും സാമൂഹ്യവിരുദ്ധരും തന്പടിച്ച് വില്പന തകൃതിയാണ്. ഇവ വാങ്ങുന്നതിനു ദൂരെസ്ഥലങ്ങളിൽനിന്നുപോലും യുവാക്കളെത്താറുണ്ട്.
ഇതുമൂലം യാത്രക്കാർ ആരും തന്നെ സ്റ്റാൻഡിലേക്കു കയറാറില്ല.ബസ് സ്റ്റാൻഡ് കോന്പൗണ്ടിൽ യാത്രക്കാർക്ക് ഇരിപ്പിട സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും ഇവ തമിഴനാട്ടുകാരായ നാടോടികൾ മലിനമാക്കുന്നതായും പരാതിയുണ്ട്.
അനധികൃത വാഹന പാർക്കിംഗ് തടയുന്നതിനും പുറത്തുനിർത്തി ബസുകാർ യാത്രക്കാരെ കയറ്റുകയും ഇറക്കുന്നതും ഇല്ലാതാക്കുന്നതിനും നഗരസഭ സെക്യൂരിറ്റിക്കാരനെ നിയോഗിക്കണമെന്ന ആവശ്യവും ശക്തമാണ്.