തട്ട: അടൂർ – തട്ടയിൽ റൂട്ടിൽ യാത്രാക്ലേശം രൂക്ഷമാകുന്നു. സ്ഥിരം സർവീസ് നടത്തുന്ന ബസുകള്‍ പോലും സർവീസ് അവസാനിപ്പിച്ചു പോകുന്നതും ട്രിപ്പ് മുടക്കുന്നതുമാണ് ജനങ്ങളെ വലയ്ക്കുന്നത്. ചെറുലയം, മാമൂട്, പറപ്പെട്ടി, കീരുകുഴി, പെരുമ്പുളിക്കല്‍, ഒരിപ്പുറം തുടങ്ങിയ പ്രദേശങ്ങളെയാണ് യാത്രാക്ലേശം കൂടുതലും ബാധിച്ചിരിക്കുന്നത്.
വരുമാനമില്ല എന്ന കാരണം പറഞ്ഞു കെഎസ്ആര്‍ടിസി ട്രിപ്പുകളും വെട്ടിച്ചുരുക്കി. അവധി ദിവസങ്ങളില്‍ ഇതിലെ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ പലതും ട്രിപ്പ് നടത്താറില്ല. ചില ബസുകള്‍ അടൂരില്‍ വരെ എത്തി അവിടെ യാത്ര അവസാനിപ്പിക്കുകയും തട്ടയിലേക്കുള്ള ട്രിപ്പ് മുടക്കുകയും ചെയ്യുന്നു. പ്രവൃത്തി ദിവസങ്ങളില്‍ പോലും ഉച്ച സമയത്ത് സ്വകാര്യ ബസുകള്‍ പലതും തട്ടയിലേക്ക് വരാറില്ല.
സ്വന്തമായി വാഹനമില്ലാത്തവരാണ് യാത്രാക്ലേശത്തില്‍ വലയുന്നത്. അടൂരില്‍ നിന്നോ പന്തളത്തു നിന്നോ ഈ പ്രദേശങ്ങളില്‍ എത്താന്‍ മണിക്കൂറുകള്‍ ബസ് കാത്തുനിൽക്കേണ്ട അവസ്ഥയാണ്. അല്ലെങ്കില്‍ അടൂര്‍ – തട്ട – പത്തനംതിട്ട റോഡില്‍ ആനന്ദപ്പള്ളി, തോലുഴം, മങ്കുഴി, എംസി റോഡിലെ കുരമ്പാല, പറന്തല്‍ എന്നിവടങ്ങളില്‍ ഇറങ്ങി കിലോമീറ്റര്‍ നടക്കുകയോ മറ്റു സ്വകാര്യ വാഹങ്ങള്‍ ആശ്രയിക്കുകയോ വേണം. ഇത് സാധാരണക്കാരായ യാത്രക്കാര്‍ക്ക് സാമ്പത്തിക ചെലവേറുന്നു.
കോന്നി കെഎസ്ആര്‍ടിസി ഡിപ്പോ ആരംഭിച്ചപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ കോന്നി – ഒരിപ്പുറം വഴി അടൂരിലേക്ക് സര്‍വീസ് ആരംഭിച്ചിരുന്നു. എന്നാല്‍ അതും ഒരു മാസത്തിനുള്ളില്‍ നിര്‍ത്തി. ബസുകളുടെ കുറവ് പോളിടെക്നിക്ക് വിദ്യാർഥികൾക്കും അടൂര്‍, പന്തളം, കോന്നി എന്നിവിടങ്ങളിലേക്കുള്ള സ്കൂള്‍, കോളജ് വിദ്യാർഥികൾക്കും ഒരിപ്പുറം ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കും ഒരേപോലെ ദുരിതമാണ്. പല തവണ പരാതികള്‍ നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.