ഒറ്റപ്പാലം: സ്വർണാഭരണ നിർമാണം കുലതൊഴിലാക്കിയിരുന്ന തട്ടാൻമാർക്ക് ദുരിതപർവം. അനുഷ്ഠാനം കണക്കെ സ്വർണാഭരണ നിർമാണം നടത്തി വന്നിരുന്ന ഇവർക്ക് തട്ടാനെന്ന പേരു വന്നതും പ്രത്യേകതരം ജാതിവിഭാഗമായതും തൊഴിലിന്റെ പ്രത്യേകത ഒന്നു കൊണ്ടുമാത്രമാണ്.
പുതിയ കാലത്ത് ഗതകാല സുവർണ നിമിഷങ്ങൾ ആലോചിച്ചിരിക്കുകയല്ലാതെ ഇവർക്ക് മറ്റൊന്നിനും കഴിയുന്നില്ല. തൊഴിൽ നഷ്ടവും ഈ മേഖലയിലേക്ക് മറ്റുള്ളവരുടെയും യന്ത്രങ്ങളുടെയും കടന്നുവരവും ഇവരെ തൊഴിൽ നിഷേധത്തിലെത്തിച്ചു. തട്ടാൻ സമുദായത്തിന്റെ കുലതൊഴിലായിരുന്നു സ്വർണപണി.
ജീവിക്കാൻ മാർഗങ്ങളില്ലാതെ വരികയും തൊഴിൽമേഖല കുത്തകകൾ കവർന്നെടുക്കുകയും ചെയ്തതോടെ പട്ടിണിമാറ്റാൻ ഇവർക്ക് മറ്റ് തൊഴിലിടങ്ങൾ കണ്ടെത്തേണ്ട അവസ്ഥയുണ്ടായി. ഇതോടുകൂടി ഒരുകാലത്ത് കൂണുപോലെ മുളച്ചുപൊന്തിയിരുന്ന സ്വർണപണിക്കാരുടെ തൊഴിലിടങ്ങളിൽ കരിന്തിരികത്തി. ഇന്ന് വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന തൊഴിലാളി വർഗ്ഗമാണ് തട്ടാൻ സമുദായം.
മുൻ പ്രധാനമന്ത്രി വി.പി. സിംഗിന്റെ കാലത്ത് സ്വർണനിയന്ത്രണ നിയമം എടുത്തു കളഞ്ഞതോടുകൂടിയാണ് ഈ തൊഴിൽമേഖലക്ക് കനത്ത തിരിച്ചടി നേരിട്ടത്. ഇതോടുകൂടി വൻകിട ജ്വല്ലറികളുടെ കുത്തൊഴുക്കുതന്നെ ഉണ്ടായി.
ഇതിൽപെട്ട് ഞെരിഞ്ഞമർന്നത് ഒരു തൊഴിൽമേഖല മാത്രമായിരുന്നില്ല, ഈ തൊഴിൽ ഉപജീവനമാക്കി പരന്പരയായി ജീവിച്ചുവന്നിരുന്ന ഒരുജാതി സമുദായംകൂടിയായിരുന്നു.
ബാങ്കുകളിൽ അപ്രൈസിംഗ് ജീവനക്കാരായാണ് ഇപ്പോൾ ഇവർക്ക് തൊഴിൽസാധ്യത ഉള്ളത്.മറ്റ് ജീവനക്കാരെയെല്ലാം ബാങ്കുകൾ സ്ഥിരപ്പെടുത്തുന്പോഴും ഇവരെ പടിക്കുപുറത്തുനിർത്തുന്ന സമീപനമാണ് ഇവിടെയും ഉള്ളത്. ദിവസവേതനത്തിനാണ് ഇവരുടെ നിയമനം നടത്തുന്നത്.
ഒരുകാലത്ത് ഗ്രാമീണമേഖലകളിൽ തട്ടാൻ സമുദായത്തിന് സുവിശേഷമായ സ്ഥാനമുണ്ടായിരുന്നു. കുട്ടികൾക്ക് കാതു കുത്തുന്നതിനും മൂക്കുകുത്തുന്നതിനും സ്വർണാഭരണങ്ങൾ ഉണ്ടാക്കുന്നതിനുമെല്ലാം തട്ടാന്റെ സാനിധ്യം നിർബന്ധമായിരുന്നു.ഇന്ന് ഈ രംഗത്ത് വിരളമായ ആളുകളേയുള്ളൂ. പുതുതലമുറ പൂർണമായും ഈ തൊഴിൽ സംസ്കാരത്തിൽ നിന്നുമകന്നു.