മങ്കൊന്പ്: ബജറ്റിൽ തുകയനുവദിച്ച് മൂന്നു വർഷമായിട്ടും നിർമാണം ആരംഭിക്കാൻ കഴിയാത്ത കാവാലം തട്ടാശേരി പാലത്തിനായുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കാൽലക്ഷം പേർ ഒപ്പുവച്ച ഭീമഹർജി മുഖ്യമന്ത്രിക്ക് സമർപ്പിക്കും.
കാവാലം, നീലംപേരൂർ, പുളിങ്കുന്ന് പഞ്ചായത്തുകളിലെ ജനങ്ങളിൽ നിന്ന് ഒപ്പുകൾ സമാഹരിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നൽകാൻ കാവാലം പാലം സന്പാദക സമിതി യോഗം തീരുമാനിച്ചു. 17ന് ഒപ്പു ശേഖരണം ആരംഭിക്കും. റവന്യൂ വിഭാഗത്തിന്റെ ഭാഗത്തു നിന്നും സ്ഥലമേറ്റെടുപ്പിനായുള്ള നടപടികൾ വൈകുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
പാലത്തിനായി ഭൂമി നൽകേണ്ട ഉടമകളിൽ 90 ശതമാനത്തോളം പേരും സമ്മതപത്രം കൈമാറിയിട്ടുണ്ടന്ന് സന്പാദകസമിതി പറയുന്നു. ബാക്കിയുള്ളവരും അധികൃതരിൽ നിന്നും വ്യക്തമായ ഉറപ്പുകൾ ലഭിച്ചാൽ ഭൂമി നൽകാൻ സന്നദ്ധമാകുമെന്നിരിക്കെ അതിനായുള്ള നടപടികൾ ഉണ്ടാകുന്നില്ലെന്ന് പാലം സന്പാദക സമിതി യോഗം കുറ്റപ്പെടുത്തി.
ലാൻഡ് അക്വസിഷൻ റീഹാബിലിറ്റേഷൻ ആൻഡ് റീസെറ്റിൽമെന്റ് ആക്ട് പ്രകരം ഭൂമി ഏറ്റെടുക്കാനുള്ള നടപടികളിലേക്ക് കടക്കുകയാണെന്ന് ഏഴുമാസം മുന്‍പ് വ്യക്തമാക്കിയിരുന്നെങ്കിലും അതും നടപ്പായില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടലിനായി നിവേദനം നൽകുന്നത്.
അതോടൊപ്പം റവന്യൂ മന്ത്രിയെയും സമീപിക്കും. സമിതി കണ്‍വീനർ ജി. ഹരികൃഷ്ണൻ, പി.ആർ. വിഷ്ണുകുമാർ, ജോസഫ് മൂലയിൽ, സിനുരാജ് കുന്നുമ്മ, ബിനേഷ് എ.റ്റി, രതീഷ് ഇടവുന്തല, വിമോദ്കുമാർ, ആർ. രാജേഷ്കുമാർ, ബി. ശ്യാംകുമാർ, ജോമോൻ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.