കൊച്ചി: പ്രളയം കാരണം ദിവസങ്ങളായി അടച്ചിട്ടിരുന്ന തട്ടേക്കാട് പക്ഷി സങ്കേതം തുറന്നു. വനം വകുപ്പിന്റെ നേതൃത്വത്തിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തിയശേഷമാണ് പക്ഷിസങ്കേതം വീണ്ടും കാഴ്ചക്കാർക്കായി തുറന്നുനൽകിയത്. പത്തു ദിവസത്തോളം എടുത്താണു ചെളിയും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നീക്കം ചെയ്തതെന്ന് റേഞ്ച് ഓഫീസർ മണി സുദർശം പറഞ്ഞു.
പ്രളയകാലത്ത് ഡാമുകൾ തുറന്നതിനു പിന്നാലെ പെരിയാറിൽ വെള്ളം ഉയർന്നതോടെ പെരുന്പാന്പ്, രാജവെന്പാല, മുള്ളൻ പന്നി, ആമകൾ, മയിൽ തുടങ്ങിയവയെ കൂട്ടിൽനിന്നു സമീപത്തുള്ള കാടുകളിലേക്ക് തുറന്നുവിട്ടിരുന്നു. പത്തു ദിവസത്തോളം എടുത്താണു ചെളിയും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നീക്കം ചെയ്തതെന്നു റേഞ്ച് ഓഫീസർ മണി സുദർശം പറഞ്ഞു.
തട്ടേക്കാട് മുതൽ കൂട്ടിക്കൽ വരെയും തട്ടേക്കാട് നിന്ന് മുകളിലേക്കും ഏകദേശം അഞ്ച് കിലോമീറ്ററോളം ദൂരത്തിൽ പുഴയിറന്പ് നഷ്ടപ്പെടുകയും പകരം മണൽ തിട്ടകൾ രൂപപ്പെടുകയും ചെയ്തിരിക്കുകയാണ്. വനത്തിൽനിന്നും ഏകദേശം മുന്നൂറ് മുതൽ 500 വരെ മീറ്റർ നീളത്തിൽ പുഴയിലേക്കു മണൽ പരപ്പുകളും രൂപപ്പെട്ടിട്ടുണ്ട്.
പ്രളയം തട്ടേക്കാടിന്റെ വിനോദ സഞ്ചാരത്തെ വലിയ രീതിയിലൊന്നും ബാധിക്കില്ല.എന്നാൽ തടാകങ്ങളിൽ അടിഞ്ഞ് കൂടിയിട്ടുള്ള ചെളിയും മണലും വാരി മാറ്റുക പ്രായോഗികമല്ല. ഉഷ്ണ മേഖലാ വന പക്ഷി സങ്കേതമാണ് തട്ടേക്കാട്. 322 ഇനം പക്ഷികളാണ് ഇവിടേക്കു വർഷം തോറും എത്തുന്നത്. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണ് ദേശാടനക്കിളികൾ എത്തുന്നത്. 1964-ൽ ഭൂതത്താൻകെട്ട് ഡാം പണിത തോട് കൂടെയാണ് ജല പക്ഷികൾ കൂടുതലായി തട്ടേക്കാട് എത്താൻ തുടങ്ങിയത്.