കൊല്ലം: ഓച്ചിറയിൽ മാതാപിതാക്കളെ മർദ്ദിച്ചവശരാക്കിയ ശേഷം പ്രായപൂർത്തിയാകാത്ത നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് പ്രതികൾക്കായി പോലീസ് സംഘം ബംഗളൂരു വിലേക്ക് തിരിച്ചു. ഓച്ചിറ സ്വദേശിയായ മുഹമ്മദ് റോഷൻ എന്ന യുവാവാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നും ഇവർ ബംഗളൂ രുവിൽ ഉള്ളതായും പോലീസിന് വിവരം ലഭിച്ചതിനെതുടർന്നാണ് പോലീസ് സംഘം ബംഗളൂരുവിലേക്ക് പോയത്.
ഓച്ചിറയ്ക്ക് സമീപം വാടകയ്ക്ക് താമസിച്ചുവരുന്ന രാജസ്ഥാൻ സ്വദേശിയുടെ മകളെയാണ് അക്രമിസംഘം തട്ടിക്കൊണ്ടുപോയത്. സംഭവവുമായിബന്ധപ്പെട്ട് ഓച്ചിറ സ്വദേശികളായ അനന്തു, വിപിൻ എന്നിവരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. മൂവർസംഘമാണ് പെൺകുട്ടിയുടെ മാതാപിതാക്കളെ അടിച്ചുവീഴ്ത്തിയശേഷം കാറിൽ കടത്തിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസം രാത്രിയിലാണ് സംഘം വീട്ടിൽകയറി രക്ഷിതാക്കളെ മർദിച്ചശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. അടിയേറ്റ് കിടന്ന രക്ഷിതാക്കളെ പരിസരവാസികളാണ് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ഓച്ചിറ പോലീസ് രാത്രിയിൽ നടത്തിയ തെരച്ചിലിൽ കായംകുളം ഭാഗത്തുനിന്ന് പ്രതികൾ സഞ്ചരിച്ചിരുന്ന കാർ പോലീസ് കണ്ടെടുക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് അനന്തുവും വിപിനും പിടിയിലായത്.
ഒന്നരമാസം മുന്പ് ഇതേ രീതിയിൽ സംഭവം അരങ്ങേറിയിരുന്നു. അന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻശ്രമം നടത്തിയെങ്കിലും നാട്ടുകാരുടെ ഇടപെടീലിനെതുടർന്ന് പരാജയപ്പെടുകയായിരുന്നു. ഒരു വർഷംമുന്പ് ഇവരുടെ വീട് കുത്തിത്തുറന്ന് 25000 രൂപ മോഷ്ടിച്ചതിന് പിന്നിലും ഈ സംഘമാണെന്നാണ് പോലീസിന് ലഭിച്ചവിവരം.
വർഷങ്ങളായി വഴിയോരത്ത് കരകൗശല സാധനങ്ങൾ നിർമിച്ച് വിൽപ്പന നടത്തിവരികയായിരുന്നു പെൺകുട്ടിയുടെ കുടുംബം. തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ കൂടാതെ മറ്റൊരു പെൺകുട്ടിയും ഇവർക്കുണ്ട്. സുരക്ഷിതത്വത്തിനായി പെൺകുട്ടികളാണെന്ന് തിരിച്ചറിയാതിരിക്കാനായി ആൺവേഷം കെട്ടിച്ച് വളർത്തിയിരുന്നതായാണ് വിവരം.
വേണ്ടത്ര സുരക്ഷിതമല്ലാത്ത വീട്ടിലാണ് കുടുംബം താമസിച്ചുവന്നത്. ഇവിടെ ഗുണ്ടകളുടെ ശല്യവും നിരന്തരം കുടുംബത്തിന് അനുഭവിക്കേണ്ടിവന്നിരുന്നു. നിരവധി കേസുകളിലെ പ്രതികളാണ് പിടിയിലായതെന്നാണ് വിവരം. മാസങ്ങൾക്ക് മുന്പ് ദേശീയപാതയിൽ അച്ഛനേയും മകനേയും തടഞ്ഞുനിർത്തി മർദിച്ചശേഷം പണം കവർന്ന കേസിലെ പ്രതിയാണ് തട്ടിക്കൊണ്ടുപോകൽ കേസിലേയും മുഖ്യകണ്ണിയെന്നാണ് പോലീസിന് ലഭിച്ചവിവരം. ഉടൻ തന്നെ പെൺകുട്ടിയും യുവാവും പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു.