സ്വന്തംലേഖകന്‍
കോഴിക്കോട്: സ്വര്‍ണക്കള്ളക്കടത്ത് സംഘം യുവാവിനെ തട്ടികൊണ്ടുപോയി. ദുബൈ പോലീസ് ആസ്ഥാനത്തെ ജീവനക്കാരനും മാറാട് സ്വദേശിയുമായ മുസഫര്‍ അഹമ്മദിനെയാണ് തട്ടിക്കൊണ്ടുപോയത്. രണ്ടാഴ്ച മുമ്പ് വിദേശത്തുനിന്ന് നാട്ടിലെത്തിയ മുസഫറിനെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞ മാസാവസാനം മുസഫറിന്റെ ബന്ധുക്കള്‍ മാറാട് പോലീസില്‍ പരാതി നല്‍കിയിരുന്നു.
പരാതി ശ്രദ്ധയില്‍പ്പെട്ട സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് തട്ടിക്കൊണ്ടുപോയതിനു പിന്നില്‍ സ്വര്‍ണക്കള്ളക്കടത്തുകാരുടെ പങ്കുണ്ടെന്ന് കണ്ടെത്തിയത്. വിദേശത്തുനിന്ന് ആറുമാസം മുമ്പ് നാട്ടിലെത്തിയ മുസഫറിന്റെ കൈവശം കള്ളക്കടത്ത് സംഘം സ്വര്‍ണം കൊടുത്തുവിട്ടിരുന്നു. മുസഫര്‍ നാട്ടിലെത്തിയാല്‍ ഇത് കൈമാറണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ സ്വര്‍ണം മുസഫര്‍ കൈമാറിയില്ല.
കൂടാതെ അതിനു ശേഷം മുസഫര്‍ വിദേശത്തേക്ക് തന്നെ തിരിച്ചുപോവുകയും ചെയ്തു. പിന്നീട് വീണ്ടും കഴിഞ്ഞ മാസം 22 ന് നാട്ടിലെത്തി. ഈ വിവരം നേരത്തെ മനസിലാക്കിയ കള്ളക്കടത്ത് സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്. യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ട് മാറാട് സിഐ ദിലീസിന്റേയും എസ്ഐ തോമസ് കെ. സെബാസ്റ്റിന്റേയും നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുസഫര്‍ 24 ന് ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. നാട്ടിലെത്തിയിട്ടുണ്ടെന്നും വൈകാതെ വീട്ടിലേക്കെത്തുമെന്നുമായിരുന്നു അറിയിച്ചത്. അതേസമയം ദുബായിയില്‍ നിന്ന് മുസഫര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലല്ല ഇറങ്ങിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടെന്ന് മുസഫറില്‍ നിന്ന് അറിയാനായതായും പോലീസ് വ്യക്തമാക്കി.
കാണാതായെന്ന പരാതി ലഭിച്ചതിനു ശേഷവും മുസഫര്‍ കോഴിക്കോട് നഗരത്തിലുണ്ടായിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. മൊബൈല്‍ ഫോണ്‍ ടവര്‍ പരിശോധിച്ചതില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. മുസഫറിനെ നേടി ആരെങ്കിലും വീട്ടിലെത്തിയിരുന്നോ തുടങ്ങിയ വിവരങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
മുസഫറിന്റെ മൊബൈല്‍ഫോണ്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നിരീക്ഷിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. ദുബായ് പോലീസിലെ സ്ഥിരം ജീവനക്കാരനാണോ മുസഫര്‍ എന്നതില്‍ അവ്യക്തതയുണ്ടെന്നും താത്കാലിക ജീവനക്കാരനായിരിക്കാമെന്നാണ് കരുതുന്നതെന്നും പോലീസ് പറഞ്ഞു.