കോട്ടയം: സ്വത്ത് തട്ടിയെടുക്കാൻ ഭാര്യയും മകനും ചേർന്ന തട്ടിക്കൊണ്ടുപോയെന്ന ഗൃഹനാഥന്റെ പരാതിയിൽ വാകത്താനം പോലീസ് കേസെടുത്തു. കഴിഞ്ഞ 19നാണ് കേസിനാസ്പദമായ സംഭവം. ഭാര്യ നല്കിയ ക്വട്ടേഷൻ പ്രകാരം ഏതാനും പേർ ചേർന്ന് തന്നെ തട്ടിക്കൊണ്ടുപോയി എന്നു കാണിച്ച് കോടതിയിൽ നല്കിയ പരാതിയിൽ കോടതി നിർദേശ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
വിദേശത്തായിരുന്ന ഭാര്യ നാട്ടിലെത്തിയ സമയത്ത് തോട്ടയ്ക്കാട്ടു നിന്നാണ് തട്ടിക്കൊണ്ടു പോകൽ നടത്തിയത്. അതേ സമയം ഭാര്യയും ഭർത്താവും തമ്മിലുള്ള സ്വത്ത് തർക്കമാണ് സംഭവത്തിനു പിന്നിലെന്നു സംശയിക്കുന്നതായി പോലീസ് പറയുന്നു.
അമിത മദ്യപാനിയായ ഭർത്താവിനെ ലഹരി വിരുദ്ധ ചികിത്സയ്ക്ക് കൊണ്ടുപോയതാണെന്നും അല്ലാതെ സ്വത്തിനു വേണ്ടി തട്ടിക്കൊണ്ടുപോയതല്ലെന്നുമാണ് ഭാര്യ പോലീസിനെ അറിയിച്ചതെന്നും വാകത്താനം പോലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു.