മാന്നാർ: ദുബായിയിൽനിന്നു കൊടുത്തുവിട്ട ഒന്നരക്കിലോ സ്വർണം പേടിച്ചു മാലിയിൽ ഉപേക്ഷിച്ചുവെന്നു ബിന്ദു മാധ്യമങ്ങളോടു പറഞ്ഞു.ഫനീഫ എന്ന സുഹൃത്ത് കൊടുത്തവിട്ട പൊതി സ്വർണമാണെന്ന് അറിയാതെയാണ് വാങ്ങിയത്.
എന്നാൽ, വിമനത്തിൽ കയറിയ ശേഷമാണ് സ്വർണമാണു പൊതിക്കുള്ളിലെന്ന് അറിയുന്നത്. മാലി എയർപോർട്ടിൽ എത്തിയപ്പോൾ പേടിച്ച് അത് അവിടെ ഉപേക്ഷിച്ചാണ് നാട്ടിലേക്കു മടങ്ങിയതെന്ന കഥയാണ് ബിന്ദു മാധ്യമങ്ങളോടു പറഞ്ഞത്.
ഇതിന് മുന്പ് ഒരിക്കലും സ്വർണം കടത്തിയിട്ടില്ലെന്നും ഇവർ ആവർത്തിച്ചു പറയുന്നു.വീട്ടിൽ അതിക്രമിച്ചു കയറി തട്ടികൊണ്ടു പോയ രണ്ടു പേരെ നേരത്തെ മുതൽ അറിയാമെന്നും യുവതി പറയുന്നു. താൻ നിരപരാധിയയാണെന്നു മനസിലാക്കിയ സംഘം ഇവരെ വഴിയിൽ ഇറക്കിവിട്ടത്രേ.
അതിനു മുന്പ് പുതിയ ചുരിദാറും വീട്ടിൽ തിരികെ പോകാൻ 1,000 രൂപയും നൽകിയെന്നുമാണ് യുവതി പറഞ്ഞത്. ഇതിൽത്തന്നെ ദുരൂഹത ഉണ്ടെന്നും തട്ടികൊണ്ടുപോയവരുമായി എതെങ്കിലും തരത്തിൽ ധാരണ ഉണ്ടാക്കിയ ശേഷമാകാം വിട്ടയച്ചതുമെന്നുമാണു പോലീസ് കരുതുന്നത്.
കൂടുതൽ പേർ കസ്റ്റഡിയിൽ
മാന്നാർ: യുവതിയെ തട്ടികൊണ്ടുപോയ സംഭവത്തിലെ പ്രതികൾക്കായി പോലീസ് അന്വേഷണം ഉർജിതമാക്കി. പത്തോളം പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്.പ്രതികളെ ഉടൻ പിടികൂടാനാവുമെന്നു പോലീസ് പറഞ്ഞു.
ഇവർക്കു പ്രാദേശികമായ സഹായങ്ങൾ ചെയ്ത നൽകുകയും ബിന്ദുവിന്റെ വീട് കാണിച്ചു കൊടുക്കുകയും ചെയ്ത മാന്നാർ റാന്നിപറന്പിൽ പീറ്ററി(44)നെ പോലീസ് അറ്സ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. 15 ദിവസത്തേക്ക് ഇയാളെ മാവേലിക്കര സബ്ജയിലിലേക്കു റിമാൻഡ് ചെയ്തു.
യുവതിയുടെ മൊബൈൽ പരിശോധനയിൽനിന്നു ലഭിച്ച വിവരങ്ങളും പ്രതികളുടെ ചിത്രങ്ങളും വച്ചാണ് അവരെ തിരിച്ചറിഞ്ഞത്. ഇവരുടെ മൊബൈൽ ലൊക്കേഷൻ ഉൾപ്പടെയുള്ള വിവരങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്.
സംഭവം ദിവസം രാത്രിയിലെ ടവർ ലൊക്കേഷനുകൾ പരിശോധിച്ചു കൂടുതൽ പ്രദേശവാസികളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. മാന്നാറിലെ ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടവർ തട്ടികൊണ്ടുപോകലിന് ഒത്താശ നൽകിയിട്ടുണ്ടെന്ന വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്.
ഇത്തരം ആൾക്കാരെ സംബന്ധിച്ചുള്ള വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. ഇതിനിടയിൽ തട്ടിക്കൊണ്ടു പോയ സംഘത്തിനു വേണ്ട ഒത്താശകൾ ചെയ്ത് കൊടുത്ത രണ്ടു പേരെ കൂടി അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. പരുമല സ്വദേശി കൊച്ചുമോൻ, മാന്നാർ സ്വദേശി ഷിഹാബ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
ബിന്ദു ചികിത്സ തേടി
മാന്നാർ: വീട്ടിൽനിന്നു വലിച്ചിഴച്ചുകൊണ്ടു പോയപ്പോൾ ഉണ്ടായ പരിക്കും വാഹനത്തിൽ വച്ചു മർദിച്ചതിന്റെ പരിക്കും ഉള്ളതിനാൽ ബിന്ദു പരുമല സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
രണ്ടാ മൂന്നു ദിവസത്തെ ചികിത്സയ്ക്കു ശേഷമേ വീട്ടിൽ തിരിച്ചെത്തുകയുള്ളു. എന്നാൽ, ഇവരെ നിരീക്ഷിക്കാൻ ആശുപത്രിയിലും വീട്ടിലും പോലീസിനെ നിയോഗിച്ചിട്ടുണ്ട്.