മാന്നാർ: സ്വർണക്കടത്ത് സംഘം മാന്നാറിൽ നിന്ന് യുവതിയെ കടത്തി കൊണ്ടു പോയ സംഭവത്തിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. ചികിത്സയിൽ കഴിയുന്ന യുവതിയുടെ അടുക്കൽ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
യുവതി പ്രതികളെ തിരിച്ചറിഞ്ഞു.ഇനിയുള്ള ദിവസങ്ങളിൽ പ്രതികൾ സഞ്ചരിച്ച വഴികൾ, ആയുധങ്ങൾ കളഞ്ഞ സ്ഥലം, യുവതിയുടെ വീട് എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തും.
ദുബൈയിൽ നിന്ന് കഴിഞ്ഞ 19 ന് നാട്ടിലെത്തിയ മാന്നാർ കുരട്ടിക്കാട് വിസ്മയഭവനത്തിൽ ബിന്ദുവിനെ സ്വർണക്കടത്ത് സംഘം വീട്ടിൽ നിന്നും തട്ടികോണ്ടുപോയ സംഭവത്തിൽ വീട് ആക്രമിച്ചു അകത്തു കയറാനും യുവതിയെ പുറത്ത് എത്തിച്ചു കൊടുക്കാൻ വേണ്ട സഹായം ചെയ്തു കൊടുത്ത പൊന്നാനി ആനപ്പടി പാലക്കൽ അബ്ദുൾ ഫഹദ്, പരവുർ മന്നം കാഞ്ഞിരപറമ്പിൽ അൽ ഷാദ് ഹമീദ്, തിരുവല്ല ശങ്കരമംഗലം വിട്ടിൽ ബിനോ വർഗ്ഗീസ്, പരുമല തിക്കപ്പുഴ മലയിൽ തെക്കേതിൽ ശിവപ്രസാദ്, പരുമല കോട്ടയ്ക്ക മാലി സുബിൻ കൊച്ചുമോൻ എന്നി പ്രതികളെയാണ് കസ്റ്റഡയിൽ വിട്ടത്.
പ്രതികൾ ആക്രമണത്തിനായി ഉപയോഗിച്ച ആയുധങ്ങൾ മാന്നാർ കുരട്ടിക്കാട് കോട്ടക്കൽ കടവ് പാലത്തിൽ നിന്ന് ആറ്റി ലേക്കാണ് ഉപേക്ഷിച്ചതെന്ന് പോലീസിനോട് ഇവർ പറഞ്ഞതനുസരിച്ച് ആറ്റിൽ തെരച്ചിൽ നടത്തിയെങ്കിലും ആയുധങ്ങൾ കണ്ടെത്താനായിരുന്നില്ല.
യുവതിയെ തട്ടിക്കൊണ്ടുപോകാൻ ഉള്ള പ്രാദേശിക സഹായം ചെയ്യുന്നതിന് വേണ്ട ആലോചനകൾ മുഴുവൻ നടന്നത് കുരട്ടിക്കാട് കോട്ടക്കൽ കടവ് പാലത്തിന് സമീപം ആണെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു.
കൃത്യം കഴിഞ്ഞ് തിരികെ വരുന്ന വഴിയാണ് വടിവാള്, കമ്പിപ്പാര തുടങ്ങിയ ആയുധങ്ങൾ പാലത്തിൽ നിന്നും വെള്ളത്തിലേക്ക് കളഞ്ഞതെന്നും പ്രതികൾ പോലീസിനോട് പറഞ്ഞു. മറ്റ് പ്രതികളെ തിരിച്ചറിഞ്ഞതായും ഇവർക്കായുള്ള ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നും പോലീസ് പറഞ്ഞു.