സ്വന്തം ലേഖകൻ
പാലക്കാട്: തട്ടിക്കൊണ്ടുപോയ പോക്സോ കേസിലെ ഇരയെ തേടി പോലീസ് അലയുന്നു. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. അന്വേഷണം തമിഴ്നാട്ടിലേക്കും കേരളത്തിലെ ഇതര ജില്ലകളിലേക്കും വ്യാപിപ്പിച്ചു.
പോക്സോ കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് പാലക്കാട്ടുനിന്ന് അതിജീവിതയായ 11 വയസുകാരിയെ മാതാപിതാക്കളും കേസിലെ പ്രതിയായ ചെറിയച്ഛനും ചേര്‍ന്നുള്ള സംഘം മുത്തശിയുടെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയത്.
പെണ്‍കുട്ടിയുടെ സംരക്ഷണം കോടതി മുത്തശിയെയായണ് ഏല്‍പ്പിച്ചിരുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികൂടിയായ ചെറിയച്ഛന് ഉള്‍പ്പടെ ആറുപേരെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു.
ഇതില്‍ മൂന്നുപേര്‍ സ്ത്രീകളാണ്. പെണ്‍കുട്ടിയെയും മാതാപിതാക്കളെയും കണ്ടെത്താനായില്ല. മാതാപിതാക്കളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
ഇവർ പോകാൻ ഇടയുള്ള സ്ഥലങ്ങളിലെല്ലാം പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പാലക്കാട് നിന്ന് ഇവർ കോയമ്പത്തൂർ വഴി തമിഴ്നാട്ടിലേക്ക് കടന്നിരിക്കാം എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിലേക്കും കൂടാതെ കേരളത്തിന്റെ മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
നഗരത്തില്‍ 10നു വൈകീട്ട് നാലോടെയാണ് സംഭവം. ചെറിയച്ഛനെതിരെ ടൗണ്‍ സൗത്ത് പോലീസ് കഴിഞ്ഞവര്‍ഷം കേസെടുത്തിരുന്നു. അറസ്റ്റിലായ ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.
പ്രതിക്ക് അനുകൂലമായി മൊഴിമാറ്റാനാണ് കുട്ടിയെ ബലമായി കൊണ്ടുപോയതാണെന്ന് പോലീസിന്റെ നിഗമനം.കേസിനെ തുടര്‍ന്ന് മാതാപിതാക്കളോടൊപ്പം താമസിക്കാന്‍ താല്പര്യമില്ലെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചിരുന്നു.
ഇതേ തുടര്‍ന്ന് പെണ്‍കുട്ടി മുത്തശ്ശിയുടെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു. മുത്തശിയുടെ വീട്ടിലെത്തിയ സംഘം ബലമായി തട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.
എതിര്‍ക്കാന്‍ ശ്രമിച്ച മുത്തശിക്കും ഇവരുടെ മകള്‍ക്കും പരിക്കേറ്റു. കാറിലും ബൈക്കിലുമെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയത്. കാറിന്റെ നമ്പര്‍ തുണികൊണ്ട് മറച്ചിരുന്നു. ബൈക്കിന്റെ നമ്പര്‍ വ്യാജമാണ്.