എടത്വ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമം. സഹപാഠികളുടെ സമയോചിതമായ ഇടപെടൽ മൂലം പെണ്‍കുട്ടികളെ രക്ഷപെടുത്തി. പച്ചയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഫെയ്സ്ബുക്ക് വഴി പ്രണയം നടിച്ച് തിരുവനന്തപുരത്തുനിന്നും കാറിൽ എത്തിയ യുവാക്കളാണ് പെണ്‍കുട്ടികളെ കാറിൽ കയറ്റിക്കൊണ്ടു പോകാൻ ശ്രമിച്ചതെന്നാണ് അറിയുന്നത്.
കുട്ടികളെ കാറിൽ കൊണ്ടുപോകുന്നതു കണ്ട മറ്റ് കുട്ടികൾ വീട്ടിലും പോലീസിലും വിവരം അറിയിക്കുകയുമായിരുന്നു. വിവരം അറിഞ്ഞ് ഒരു പെണ്‍കുട്ടിയുടെ സഹോദരൻ ഉൾപ്പടെയുള്ള കൂട്ടുകാർ തകഴിയിൽവെച്ച് ഇവരെ പിടികൂടുകയുമായിരുന്നു. പരാതി ഇല്ലാത്തതിനാൽ കേസ് എടുത്തില്ലെന്നാണ് പോലീസ് പറയുന്നത്. ഇവർ പോയ കാർ തകഴിയിൽ തകർത്ത നിലയിൽ പിന്നീട് കണ്ടെത്തി.