കാക്കനാട്: ബിഎംഡബ്ല്യു കാറിൽ തോക്കുമായെത്തി യുവതിയെ തട്ടിക്കൊണ്ടുപോയി അപമാനിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിയുന്ന ചെമ്പുമുക്ക് വട്ടത്തിപാടത്ത് കാട്ടാമറ്റം റോഡിൽ സി.എസ്. വിനോദിനായി പോലീസ് അന്വേഷണം.
ഇയാൾ കൊടുങ്ങല്ലൂരിലിണ്ടെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. പ്രതിയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ ഉച്ചയോടെ കൊടുങ്ങല്ലൂരിൽ വച്ച് പ്രതി മൊബൈൽ ഓണാക്കിയതായി കണ്ടെത്തിയത്.
തൃക്കാക്കര എസ്ഐയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം യാത്ര തിരിച്ചിട്ടുണ്ട്. പ്രതി കൃത്യത്തിനു ശേഷം മൊബൈലിൽ ബന്ധപ്പെട്ടവരുടെ വിവരങ്ങളും പോലീസ് ശേഖരിച്ചു. ഇവരെ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്.
ചെമ്പുമുക്കിൽ ബേക്കറി നടത്തുന്ന യുവതിയെ ശനിയാഴ്ച രാത്രി എട്ടു മണിയോടെ കാറിൽ ബലമായി പിടിച്ചു കയറ്റി ചെമ്പുമുക്കു പള്ളിയുടെ മുന്നിൽ വച്ച് അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു.
യുവതി ബഹളമുണ്ടാക്കിയപ്പോൾ ബസ് സ്റ്റോപ്പിൽ ഇറക്കിവിട്ടു. കടയിൽനിന്ന് പതിവായി സാധനങ്ങൾ വാങ്ങാറുള്ള ആളാണ് പ്രതിയെന്ന് യുവതി പറയുന്നു.
പറയുന്ന സാധനങ്ങൾ കാറിലേക്ക് കൊണ്ടുപോയി കൊടുക്കുകയാണ് ചെയ്തിരുന്നത്. പ്രതിയുടെ വീട് പോലീസ് പരിശോധിച്ചു. ഒളിവിൽ കഴിയുന്ന ഇയാളുടെ തോക്കിന്റെ ലൈസൻസ് റദ്ദാക്കിയിട്ടുണ്ട്. കാറിൽ തോക്കും ഉണ്ടായിരുന്നെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.