കോഴിക്കോട്: ബൈക്ക് യാത്രികനെ തട്ടിക്കൊണ്ടുപോയി നാലുലക്ഷം രൂപ കവര്‍ന്ന കേസില്‍ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. കാറിലെത്തിയ നാലംഗ സംഘത്തെ കുറിച്ചാണ് പോലീസിന് വിവരം ലഭിച്ചത്. ഇവര്‍ കവര്‍ച്ചക്കായി എത്തിയ മാരുതി റിറ്റ്സ് കാര്‍ പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ കോളജ് പോലീസ് ഇന്സപെക്ടര് മൂസ വള്ളിക്കാടന്റെ നേതൃത്യത്തിലാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. ഇവര്‍ കുഴല്‍പണവും , സ്വര്‍ണവും തട്ടിയെടുക്കുന്നവരാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പാലക്കാട് സ്വദേശിയില്‍ നിന്ന് ഒളവണ്ണ സ്വദേശി മുജീബ് റഹ്മാന് വാങ്ങിയ കാറാണ് കവര്‍ച്ചാസംഘം ഉപയോഗിച്ചത്. മുജീബ് റഹ്മാന് കാര്‍ വാടകയ്ക്ക് നല്‍കിയതാണ്. ഇയാളില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കാര്‍ വാടകക്ക് എടുത്തവരെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചതിനാല്‍ കവര്‍ച്ചാസംഘം ഉടന്‍ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം പകല്‍ 11 ഓടെ കോട്ടാംപറമ്പ് മദ്രസയ്ക്ക് സമീപത്തായിരുന്നു കവര്‍ച്ച. കൊടുവള്ളി ആവിലോറ കിഴക്കെ നെച്ചിപൊയിലില് മഷ്ഹൂദിനെയാണ് കാറില്‍ പിന്തുടര്ന്നെത്തിയ സംഘം പിടികൂടി നാല് ലക്ഷം കവര്‍ന്നത്. മഷ്ഹൂദ് സഞ്ചരിച്ച ബൈക്കിനെ കാര്‍ തടസപ്പെടുത്തുകയായിരുന്നു.
ഇതിനിടെ ബൈക്കില്‍ നിന്നിറിങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മഷ്ഹൂദിനെ സംഘം പിടികൂടി കാറില്‍ കയറ്റുകയായിരുന്നു. പണം കവര്‍ന്ന ശേഷം കാളാണ്ടി താഴത്ത് ഇറക്കിവിടുകയും ചെയ്തു. മഷ്ഹൂദിന്റെ ബൈക്കും കാറിലെത്തിയ സംഘത്തിലൊരാള്‍ കൊണ്ടുപോയി.