കോലഞ്ചേരി: കോടതി കാമുകനൊപ്പം വിട്ട യുവതിയെ പിതാവും സംഘവും റാഞ്ചിയ സംഭവത്തിൽ കുറ്റക്കാരായ പത്ത് പേർക്കെതിരേ അന്വേഷണം ശക്തമായി നടക്കുകയാണെന്ന് പുത്തൻകുരിശ് പോലീസ്.
പ്രതികളിൽ ആറ് പേരുടെ ലൊക്കേഷൻ മനസിലാക്കി കഴിഞ്ഞെന്നും ഇവരെ ഉടൻ പിടകൂടാനാകുമെന്നും പുത്തൻകുരിശ് സിഐ സാജൻ സേവ്യർ പറഞ്ഞു. യുവതിയെ റാഞ്ചിയ പിതാവ് നിരവധി കേസിലെ പ്രതിയാണെന്നും ഇയാൾക്കെതിരേ അന്വേഷണം ശക്തമാക്കിയെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു.
ഇതിനിടെ സ്റ്റേഷൻ പരിധിയിലെ ചിലയിടങ്ങൾ കോവിഡ് വ്യാപനംമൂലം കണ്ടെയ്ൻമെന്റ് സോണാക്കിയതിനാൽ ആവശ്യത്തിന് പോലീസ് സേനയെ കേസന്വേഷണത്തിന് വിനിയോഗിക്കാൻ പ്രായോഗിക ബുദ്ധിമുട്ടും നേരിടുന്നുണ്ട്.
കോലഞ്ചേരിക്കടുത്ത് വടയമ്പാടി സ്വദേശിയായ യുവതിയുടെ പിതാവും സംഘവുമാണ് കോടതി ഒരുമിച്ച് ജീവിക്കാൻ അനുവാദം കൊടുത്തതിന് തൊട്ട്പിന്നാലെ നാല് കാറുകളിലായെത്തി യുവതിയെ ഭർത്താവിൽനിന്നും തട്ടിയെടുത്ത് മുങ്ങിയത്.