ന്യൂഡല്‍ഹി: നാലു വയസുള്ള മകളെ തട്ടിക്കൊണ്ടു പോകാനുള്ള രണ്ടംഘ സംഘത്തിന്റെ ശ്രമം ധീരമായി തടഞ്ഞ് അമ്മ. ഡല്‍ഹിയിലാണ് സംഭവം.
ചൊവ്വാഴ്ച വൈകിട്ട് നാലോടെ ബൈക്കില്‍ വീടിനു മുന്പിലെത്തിയ രണ്ടുപേര്‍ കുട്ടിയുടെ അമ്മയോട് വെള്ളം ആവശ്യപ്പെട്ടു. അമ്മ വീടിന് അകത്തേക്കു പോയ സമയം ഇവര്‍ കുട്ടിയെ തട്ടിയെടുത്ത് ബൈക്കില്‍ രക്ഷപെടാന്‍ ശ്രമിച്ചു.
സംഭവം കണ്ടെത്തിയ അമ്മ ഇവരെ ബൈക്കില്‍ നിന്നും തള്ളിയിട്ടതിനു ശേഷം കുട്ടിയെ രക്ഷിച്ചു. ഈ സമയം ഒരാള്‍ ഓടി. അമ്മ ബൈക്ക് തടഞ്ഞു വെക്കുവാന്‍ ശ്രമിച്ചുവെങ്കിലും രണ്ടാമന് ഒരു വിധത്തില്‍ ബൈക്കില്‍ കയറി രക്ഷപെടാന്‍ ശ്രമിച്ചു.
എന്നാല്‍ സമീപമുണ്ടായിരുന്ന ഒരാള്‍ സ്കൂട്ടര്‍ വഴിയുടെ നടുവില്‍ വച്ചതിനു ശേഷം ബൈക്കിലെത്തിയയാളെ തള്ളിയിട്ടു.
ഈ സമയം അയല്‍വാസികളായ മറ്റു ചിലരും ഓടിയടുത്തു. അക്രമികളെ പിടികൂടാന്‍ ഇവര്‍ ശ്രമിച്ചുവെങ്കിലും അവര്‍ ഓടി രക്ഷപെട്ടു. ബൈക്കും ബാഗും ഉപേക്ഷിച്ചാണ് ഇവര്‍ രക്ഷപെട്ടത്. ബാഗില്‍ നിന്നും തോക്കും വെടിയുണ്ടകളും കണ്ടെത്തി.
ബൈക്കിന്റെ നമ്പര്‍ വ്യാജമാണ്. എന്നാല്‍ ജഗത്പുരി സ്വദേശിയായ ധീരജ് എന്നയാളുടെ ബൈക്കാണിതെന്ന് പോലീസ് കണ്ടെത്തി. കുട്ടിയുടെ അച്ഛന്റെ സഹോദരനാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ തങ്ങളെ ഏര്‍പ്പാടാക്കിയതെന്ന് ധീരജ് കുറ്റസമ്മതം നടത്തി.
കുട്ടിയുടെ അച്ഛന് വസ്ത്രവ്യാപാരിയാണ്. ബിസിനസില്‍ അദ്ദേഹത്തിന്റെ വളര്‍ച്ച കണ്ട് അസൂയാലുവായതിനെ തുടര്‍ന്നാണ് അദ്ദേഹംകുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. മോചനദ്രവ്യമായി 35 ലക്ഷം രൂപ ആവശ്യപ്പെടാനായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു.