തൊടുപുഴ: കാറിലെത്തി ആടിനെ കടത്തിക്കൊണ്ടു പോയ സംഘത്തെ തേടി പോലീസ്. ഇടവെട്ടിയിലാണ് റോഡരികിൽ കെട്ടിയിരുന്ന ആടിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയത്. പ്രതികളെ കണ്ടെത്താൻ സംഭവ സ്ഥലത്തിനു സമീപത്തെ ബാങ്കിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ഇന്നു പോലീസ് ശേഖരിക്കും.
ഇടവെട്ടി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ തെക്കുംഭാഗം കനാൽ റോഡരുകിൽ താമസിക്കുന്ന കോട്ടവാതുക്കൽ തങ്കമ്മ രാമകൃഷ്ണന്റെ പതിനാല് കിലോയോളം തൂക്കം വരുന്ന ആടിനെയാണ് വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ട് പോയത്. വീടിനോട് ചേർന്നുള്ള കനാൽക്കരയിൽ കെട്ടിയിരിക്കുകയായിരുന്നു.
12.45 ഓടെ ആടിനെ കെട്ടിയ ശേഷം തങ്കമ്മ വീട്ടിലേക്കു പോയ സമയത്തായിരുന്നു മോഷണം. കനാലിന്റെ മറുകരയിൽ താമസിക്കുന്നവരിലൊരാൾ കാറിലെത്തിയവർ ആടിനെ അഴിച്ച് വാഹനത്തിലേക്ക് തള്ളി കയറ്റുന്നത് കണ്ട് ബഹളം വച്ചപ്പോഴേക്കും വാഹനം അമിത വേഗതയിൽ ഓടിച്ചു പോവുകയായിരുന്നു.
ഈ സമയം സമീപ വീടുകളിൽ പുരുഷൻമാർ ഇല്ലാതിരുന്നതിനാൽ പിന്തുടരാനും കഴിഞ്ഞില്ല. തങ്കമ്മയുടെ ഏക വരുമാന മാർഗമാണ് ആടു വളർത്തൽ. തൊടുപുഴ പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സമീപ കാലത്തായി വളർത്തു മൃഗങ്ങളെ കടത്തിക്കൊണ്ടു പോകുന്ന സംഘങ്ങൾ സജീവമായതായി എസ്ഐ ബൈജു പി.ബാബു പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലൂടെ പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.