സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: സ്വര്‍ണക്കടത്ത് സംശയിച്ചു ദുബായിയില്‍ നിന്നെത്തിയ യാത്രക്കാരനെ നടുറോഡില്‍ വാഹനം തടഞ്ഞു തട്ടിക്കൊണ്ടുപോയി സംഭവം വഴിത്തിരിവിലേക്ക്.
കോഴിക്കോട് കുറ്റ്യാടി സ്വദേശി മുഹമ്മദ് റിയാസിനെയാണ് കൊണ്ടോട്ടി- അരീക്കോട് റോഡില്‍ കാളോത്ത് വച്ച് ഒരു സംഘം തട്ടിക്കൊണ്ടുപോയി പിന്നീട് മുക്കം പെട്രോള്‍ പമ്പിന് സമീപത്ത് ഉപേക്ഷിച്ചത്. ഇവർ റിയാസിന് നാട്ടിലേക്കു മടങ്ങാന്‍ 1,000 രൂപയും നല്കി.
ദുബായിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന റിയാസ് കോവിഡ് മൂലം ജോലി നഷ്ടപ്പെട്ടതോടെ നാട്ടിലേക്കു മടങ്ങുകയായിരുന്നു. റിയാസിന്റെ സാമ്പത്തിക പ്രശ്നങ്ങള്‍ അറിഞ്ഞ് സ്വര്‍ണക്കടത്ത് സംഘം
30,000 രൂപ പാരിതോഷികം നല്‍കാമെന്ന് അറിയിച്ച ു സ്വര്‍ണം നല്‍കുകയായിരുന്നു. ശരീരത്തിനുള്ളിൽ ഒളിപ്പിക്കാന്‍ മൂന്നു സ്വര്‍ണ ഗുളികകളും നല്കി.എന്നാല്‍, സ്വര്‍ണം നികുതി അടച്ചുകൊണ്ടുപോകാനേ റിയാസ് തയാറായുള്ളൂ. ഒടുവിൽ, റിയാസ് സ്വര്‍ണം തിരിച്ചു നല്‍കിയാണ് വിമാനം കയറിയത്.
വ്യാഴാഴ്ച വൈകുന്നേരമാണ് റിയാസ് കരിപ്പൂരിലെത്തിയത്.രാത്രിയോടെ കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ ക്വാറന്റൈനില്‍ കഴിയാന്‍ ഓമശേരി സ്വദേശിയുടെ കാറിലായിരുന്നു യാത്ര.
എന്നാല്‍ റിയാസ് കൊണ്ടുവന്ന സ്വര്‍ണവുമായി മുങ്ങിയതാണെന്ന ധാരണയിലാണ് കള്ളക്കടത്ത് ഏജന്റുമാരുടെ സംഘം കൊണ്ടോട്ടി കാളോത്തു വച്ച് റിയാസ് സഞ്ചരിച്ച കാര്‍ തടഞ്ഞു മര്‍ദിച്ചത്.
ഇതുകണ്ടു നാട്ടുകാര്‍ ഓടിക്കൂടിയതോടെ മറ്റൊരു കാര്‍ എത്തി ഇയാളെ അരീക്കോട് ഭാഗത്തേക്കു കയറ്റിക്കൊണ്ടുപോയി.കാര്‍ ഡ്രൈവറുടെ പരാതിയില്‍ കൊണ്ടോട്ടി പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് റിയാസ് ഇന്നലെ കുറ്റ്യാടിയിലെ വീട്ടിലെത്തിയതായി പോലീസിനു വിവരം ലഭിച്ചത്.
ആക്രമിച്ചത് 10 അംഗ സംഘം, അന്വേഷണം ഊര്‍ജിതം
കുറ്റ്യാടി സ്വദേശിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഘത്തിൽ 10 അംഗങ്ങളുള്ളതായി വിവരം. റിയാസിന്റെ മൊഴിയിൽ നിന്നാണ് പോലീസിനു തട്ടിക്കൊണ്ടുപോയവരെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്.
കൊടുവളളി സ്വദേശികളാണ് ഇതിനു പിന്നിലെന്നാണ് സൂചന. മൂന്ന് കാറുകളിലായി വിമാനത്താവളത്തില്‍നിന്ന് റിയാസ് സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്ന സംഘം അരീക്കോട് റോഡിലേക്ക് കയറിയതോടെ റിയാസിന്റെ വാഹനം തടഞ്ഞ് മര്‍ദിച്ചു മറ്റൊരു വാഹനത്തില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.
വീട്ടില്‍ പ്രായമായ മാതാവും ഭാര്യയും കുട്ടികളുമുള്ളതിനാലാണ് ക്വാറന്റൈൻ സൗകര്യം ഇല്ലായിരുന്നു. കക്കാടം പെയിലിലെ റിസോർട്ടിൽ സുഹൃത്ത് ക്വാറന്റൈൻ സൗകര്യമൊരുക്കി കാറയയ്ക്കുകയായിരുന്നു .
പ്രദേശത്തെ സിസിടിവി കാമറകള്‍ പരിശോധിച്ചു പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് റിയാസ് വീട്ടിലെത്തിയ വിവരം അറിയുന്നത്.തുടര്‍ന്നാണ് ഇയാളെ വീട്ടിലെത്തി പോലീസ് മൊഴി എടുത്തത്.
പരാതി വേണ്ടെന്ന് റിയാസ്,മര്‍ദനത്തിന്റെ പാട് വിനയായി
തന്നെ തട്ടിക്കൊണ്ടുപോയ കേസ് സാമ്പത്തിക ഇടപാടിലുണ്ടായ തര്‍ക്കമാക്കി ചിത്രീകരിക്കാൻ ശ്രമിച്ച് റിയാസ്. ഇതു തട്ടിക്കൊണ്ടുപോയവരുടെ കൂടി നിര്‍ദേശത്തിലായിരുന്നു. മധ്യസ്ഥര്‍ മുഖേന തര്‍ക്കം പരിഹരിച്ചെന്നും യാത്രക്കാരന് പറഞ്ഞു.
എന്നാല്‍, യാത്രക്കാരന്റെ ശരീരത്തിലെ പാടുകള്‍ കണ്ട പോലീസ് നിജസ്ഥിതി പുറത്തു കൊണ്ടുവരികയായിരുന്നു. ഇതോടെയാണ് യാത്രക്കാരന് തന്നെ കള്ളക്കടത്തിന്റെ കഥ തുറന്നു പറഞ്ഞത്. കൂടുതല്‍ പ്രശ്നങ്ങളിലേക്കു പോകേണ്ടെന്ന് സംഘം മുന്നറിയിപ്പു നല്‍കിയിരുന്നു.
എന്നാല്‍ കൊണ്ടോട്ടി പോലീസിന്റെ അവസരോചിത ഇടപെടല്‍ സംഭവത്തിന്റെ ചുരളഴിച്ചെടുത്തു.മര്‍ദനമേറ്റ യാത്രക്കാരനെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.കൊണ്ടോട്ടി സിഐ കെ.എം.ബിജു, എസ്.ഐ.വിനോദ് വലിയാറ്റൂര്‍ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.