നാദാപുരം: കാറിലെത്തിയ സംഘം ജ്വല്ലറി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച് റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊർജിതമാക്കി. ഇതിനിടെ യുവാവിന്റെ സ്കൂട്ടര്‍ റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കുറ്റ്യാടി പോലീസ് സ്റ്റേഷന് അതിര്‍ത്തിയിലെ കുന്നുമ്മല്‍ പളളിക്ക് സമീപത്തെ ആളൊഴിഞ്ഞ ഇടവഴിയിലാണ് യുവാവ് സഞ്ചരിച്ച കെ എൽ 18 ക്യു 9469 നമ്പർ സ്കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
മഹാരാഷ്ട്ര സ്വദേശിയും വില്ല്യാപ്പളളി കുളത്തൂര്‍ റോഡിലെ താമസക്കാരനുമായ അര്ജുന്(42)നെയാണ് ശനിയാഴ്ച രാവിലെ കാറിലെത്തിയ അഞ്ചോളം വരുന്ന സംഘം തട്ടിക്കൊണ്ടുപോയി സ്വര്ണാഭാരണവും പണവും കവര്‍ന്നത്. കാറിലുണ്ടായിരുന്ന അഞ്ചുപേരും മുഖംമൂടി അണിഞ്ഞിരുന്നെന്നും കാറില്‍വച്ച് ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും അര്ജുന് പോലീസില്‍ മൊഴി നല്കി.
തണ്ണീര്‍പന്തല്‍ വടകര റൂട്ടില്‍ കൈതക്കുണ്ടില്വച്ചാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അര്‍ജുനെ ഇടിച്ചുവീഴ്ത്തി തട്ടിക്കൊണ്ടുപോയത്.ബലമായി കാറില്‍കയറ്റിയ ശേഷം കഴുത്തിലണിഞ്ഞ രണ്ടര പവന് സ്വര്‍ണ മാലയും മൂന്ന് ഗ്രാം മോതിരവും 8500 രൂപയും കവര്‍ച്ച ചെയ്യുകയായിരുന്നു. ഇതിനുശേഷം യുവാവിനെ പൊന്മേരിക്കടുത്ത ആളൊഴിഞ്ഞ റോഡില്‍ ഉപേക്ഷിക്കുകയും അര്‍ജുനിന്റെ കൈയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് സിം ഊരിമാറ്റി ഫോണ്‍ മാത്രം തിരിച്ചുനല്‍കുകയുമായിരുന്നു.
ചുവപ്പ് നിറത്തിലുളള സ്വിഫ്റ്റ് കാറാണ് തട്ടിക്കൊണ്ടുപോയതെന്ന് നാട്ടുകാര്‍ പോലീസിന് നേരത്തെ വിവരം നല്‍കിയിരുന്നു.മേഖലയിലെ റോഡിനോട് ചേര്‍ന്ന വീടുകളിലെയും സ്ഥാപനങ്ങളിലെയും സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധനയ്ക്കായെടുത്തു. യുവാവിനെ പൊന്മേരിയില് ഉപേക്ഷിച്ച ശേഷം കുറ്റ്യാടി വഴി വയനാടിലേക്ക് കടന്നതാകാമെന്ന നിഗമനത്തില്‍ ഈ മേഖലയിലും പരിശോധന ആരംഭിച്ചു.