മാനന്തവാടി: കാസർഗോഡ് സ്വദേശിയായ യുവവ്യാപാരിയെ ഹണിട്രാപ്പിൽപ്പെടുത്തി തട്ടിക്കൊണ്ടുപോയി 15 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ രണ്ടുപേർ കൂടി പോലീസ് പിടിയിലായി. കുറ്റിയാടി അടുക്കത്ത് കിഴക്കേവീട്ടിൽ റഷീദ്(40), അടുക്കത്ത് നരയംകോട്ട് ബഷീർ(40) എന്നിവരെയാണ് ബുധനാഴ്ച പുലർച്ചെ മൈസൂരുവിനു സമീപം ഹൊസൂരിൽനിന്നും മാനന്തവാടി സിഐ പി.കെ. മണി, സിവിൽ പൊലീസ് ഓഫീസർമാരായ ടി.കെ. ബിജു, ടി. പോൾസണ്, കെ.ബി. ബൈജു എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
കേസിൽ ഇതിനകം പിടിയിലായവരുടെ എണ്ണം അഞ്ചായി. തൊട്ടിൽപ്പാലം കുണ്ടുതോട് കിണറുള്ള പറന്പത്ത് അജ്മൽ(33), കുറ്റിയാടി വളയം നെല്ലിക്കണ്ടിപീടിക ഇടത്തിപൊയിൽ ഫാസിൽ(26), കുറ്റിയാടി അടുക്കത്ത് കാക്കോട്ടുചാലിൽ അന്പലക്കണ്ടി സുഹൈൽ(29) എന്നിവരാണ് നേരത്തേ അറസ്റ്റിലായത്. ഇവരും റിമാൻഡിലാണ്.
മാനന്തവാടി സ്വദേശിനിയുടെ സഹായത്തോടെയാണ് സംഘം യുവവ്യാപാരിയെ തേൻകെണിയിൽ കുടുക്കിയത്. വ്യാപാരിയെ സ്ത്രീ മുഖേന കഴിഞ്ഞ 16ന് മാനന്തവാടിക്ക് വിളിച്ചുവരുത്തുകയും കർണാടകയിലെ പൊന്നന്പേട്ടയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.
പൊന്നന്പേട്ടയിൽ ലോഡ്ജിൽ വ്യാപാരിയെ താമസിപ്പിച്ചാണ് സംഘം 15 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടത്. വ്യാപാരിയെ സംഘം ദേഹോപദ്രവം ഏൽപിക്കുകയും കണ്ണിൽ മുളകുപൊടി വിതറുകയും ചെയ്തു. വ്യാപാരിയുടെ അക്കൗണ്ടിൽനിന്നു എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഒടുവിൽ കണ്ണൂരിൽവച്ച് വ്യാപാരിയുടെ സുഹൃത്തുവഴി ഒന്നര ലക്ഷം രൂപ കൈപ്പറ്റിയശേഷമാണ് വിട്ടയച്ചത്. തട്ടിക്കൊണ്ടുപോകാൻ പ്രതികൾ ഉപയോഗിച്ച മൂന്നു കാറുകൾ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കേസിൽ ഉൾപ്പെട്ടെ കുറ്റ്യാടി, ചീമേനി സ്വദേശികളായ മറ്റു പ്രതികൾക്കായി അന്വേഷണം നടത്തിവരികയാണെന്നു പോലീസ് അറിയിച്ചു.