ആലുവ: നഗരമധ്യത്തിൽ പട്ടാപ്പകൽ കാറുകൾ തമ്മിൽ കൂട്ടിയിടിപ്പിച്ചശേഷം കാറിന്റെ ചില്ല് തല്ലിപ്പൊളിച്ച് യുവാവിനെ തട്ടി കൊണ്ടുപോയ സംഭവത്തിന് പിന്നിൽ ലഹരിമരുന്ന് കടത്ത് ഒറ്റിയതിന്റെ പകയെന്ന് പോലീസ്.
കേസിൽ ഇടുക്കി സ്വദേശികളായ അഞ്ചംഗ സംഘത്തെയാണ് ആലുവ ഈസ്റ്റ് പോലീസ് മിനിറ്റുകൾക്കുള്ളിൽ ഇന്നലെ അറസ്റ്റ് ചെയ്തത്. ഇടുക്കി ഈസ്റ്റ് കല്ലൂർ ചങ്ങനാംപറമ്പിൽ വീട്ടിൽ വിഷ്ണു (26), തൊടുപുഴ കാരിക്കോട് കോതായികുന്നേൽ വീട്ടിൽ നൗഫൽ (23), കുമാരമംഗലം ലബ്ബ വീട്ടിൽ ഷാനു (28), കാരിക്കോട് കൊമ്പനാം പറമ്പിൽ റൗഫൽ (24), കുമാരമംഗലം താണിക്കാമറ്റം വീട്ടിൽ അവിനാഷ് (34) എന്നിവരാണ് പിടിയിലായത്.
രണ്ട് കിലോമീറ്റർ അകലെ കുട്ടമശേരിയില്‍ വച്ചാണ് ഇവരെ പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. തൊടുപുഴ സ്വദേശിയായ ജമാൽ എന്നയാളെയാണ് കാർ തടഞ്ഞ് നിർത്തി തട്ടിക്കൊണ്ടുപോയത്. ഇയാൾ എടയാർ ബിനാനിപുരത്ത് ശുദ്ധീകരിക്കാൻ കൊണ്ടുവന്ന 20 കിലോ സ്വർണം തട്ടിയെടുത്ത കേസിലെ പ്രതികൂടിയാണ്.
പോലീസ് സ്റ്റേഷന് സമീപം ഇഎസ്ഐ റോഡിൽ രാവിലെ പതിനൊന്നോടെയാണ് സംഭവം നടന്നത്. ജമാൽ സഞ്ചരിച്ചിരുന്ന കാറിനെതിരേ മറ്റൊരു കാറിൽ എത്തിയ സംഘം വാഹനത്തിൽ ഇടിപ്പിക്കുകയായിരുന്നു. സബ് ജയിൽ റോഡിൽനിന്ന് ഇഎസ്ഐ റോഡിലേക്ക് കയറുന്ന വളവിലാണ് സംഭവം നടന്നത്.
രണ്ട് വാഹനങ്ങൾക്ക് കഷ്ടിച്ച് പോകാവുന്ന റോഡാണിത്. പിന്നോട്ടെടുത്തതിനെ തുടര്‍ന്ന് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചാണ് ജമാലിന്റെ കാർ നിന്നത്. തുടർന്ന് ഇടിപ്പിച്ച കാറിൽനിന്നും പുറത്തിറങ്ങിയ പ്രതികൾ വലിയ ചുറ്റിക ജമാലിന്റെ കാറിന്റെ ചില്ല് തകർത്തു.
ഡ്രൈവർ ഇറങ്ങി വർക്ക്ഷോപ്പിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. ഈ സമയം യുവാവിനെ പ്രതികൾ ബലമായി ഇന്നോവയിൽ കയറ്റി കൊണ്ടു പോകുകയായിരുന്നു. വിവരം നാട്ടുകാർ അറിയിച്ച ഉടൻതന്നെ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് പ്രതികളെ ഉടൻ പിടികൂടണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയായിരുന്നു.
വയർലസ് സെറ്റിലൂടെ പട്രോളിംഗ് പാർട്ടികൾക്കും മറ്റും വിവരം ലഭിച്ചതിനെത്തുടർന്ന് നടന്ന സമയോചിതമായ ഇടപെടൽ കാരണമാണ് പ്രതികളെ പെട്ടെന്ന് തന്നെ പിടികൂടാൻ സാധിച്ചത്. ഇരുകൂട്ടരും കഞ്ചാവ് മയക്കുമരുന്ന് ലഹരികള്‍ക്ക് അടിമകളാണെന്ന് ആലുവ ഈസ്റ്റ് സിഐ സൈജു കെ. പോള്‍ പറഞ്ഞു.
ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട ഒറ്റിനെ ചൊല്ലി മെയ് 30ന് പ്രതികളും ജമാലും തമ്മില്‍ തൊടുപുഴയില്‍വച്ച് അടിപിടി നടന്നിരുന്നു. ജമാലിനും തട്ടികൊണ്ടുപോയ കേസിലെ പ്രതിയായ വിഷ്ണുവിനും സംഭവത്തില്‍ പരിക്കേറ്റു. തുടര്‍ന്ന് ജമാല്‍ ഒളിവില്‍ പോവുകയായിരുന്നു.
ഈ കേസിൽ ജാമ്യത്തിലിറങ്ങിയിരിക്കുമ്പോഴാണ് ഇന്നലെ ഈ സംഭവം നടന്നത്. ജമാലിന്റെ സംഘം പ്രതികളുടെ വീട്ടിൽ കയറിയും തിരിച്ചടിച്ചു. ഇതിന് പകരമായാണ് ആലുവ കോടതിയിൽ സ്വർണം തട്ടിയെടുത്ത കേസിൽ ജമാൽ എത്തുന്ന വിവരമറിഞ്ഞ് പ്രതികൾ പിന്തുടർന്ന് വന്ന് തട്ടിക്കൊണ്ടുപോയത്.
ആലുവ ഡിവൈഎസ്പി ജി. വേണുവിന്റെ മേൽ നോട്ടത്തിൽ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ സൈജു കെ. പോൾ ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അന്വേഷണ സംഘത്തിൽ എസ്എച്ച്ഒയെ കൂടാതെ എസ്ഐ മാരായ വിനോദ്, ജയൻ, ഷാജു, അബ്ദുൾ റഹിമാൻ, സുരേഷ്കുമാർ എസ്സിപിഒ കെ.ആർ. സുധീർ, ഡ്രൈവർ എസ്പിഒ സുധീർ, സിപിഒ, ഹാരിസ്, ബൈജു എന്നിവരുമുണ്ടായിരുന്നു.