കറുകച്ചാൽ: പ്ലസ് വണ്‍ വിദ്യാർഥിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ടു പേർ പിടിയിൽ. ശാന്തിപുരം വെങ്കോട്ട മുട്ടചിറവീട്ടിൽ സ്റ്റാലിൻ (19) സുഹൃത്ത് മാടപ്പള്ളി മാമ്മൂട് ചാലിൽ സ്റ്റീവ്് (19) എന്നിവരെയാണു കറുകച്ചാൽ പോലീസ് അറസ്റ്റു ചെയ്തത്.
തിങ്കളാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. സ്റ്റാലിനും കൂത്രപ്പള്ളി സ്വദേശിനിയായ പെണ്‍കുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നു. തിങ്കളാഴ്ച രാവിലെ കൂട്ടുകാരിയുടെ വീട്ടിലേക്കെന്നു പറഞ്ഞാണു പെണ്‍കുട്ടി വീട്ടിൽനിന്നും പോയത്. തുടർന്നു വാടകയ്ക്ക് എടുത്ത കാറുമായി സ്റ്റാലിനും സ്റ്റീവും കറുകച്ചാലിലെത്തി.
പെണ്‍കുട്ടിയുമായി എറണാകുളത്തും, ആലപ്പുഴയിലും ഇവർ തങ്ങി. ചൊവാഴ്ച വൈകുന്നേരവും വീട്ടിലെത്താതെ വന്നതോടെ പെണ്‍കുട്ടിയുടെ രക്ഷിതാക്കൾ കറുകച്ചാൽ പോലീസിൽ പരാതി നൽകി. കേസെടുത്ത് വിവരമറിഞ്ഞ സ്റ്റാലിൻ ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ കറുകച്ചാൽ പോലീസ് സ്റ്റേഷനുസമീപം പെണ്‍കുട്ടിയെ ബൈക്കിൽ കൊണ്ടുവിട്ടശേഷം സ്ഥലത്തുനിന്നും മുങ്ങി.
കറുകച്ചാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ സ്റ്റാലിനെ നടയ്ക്കപ്പാടത്തുനിന്നും സ്റ്റീവിനെ മാടപ്പള്ളയിൽനിന്നും പിടികൂടി. ചങ്ങനാശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.