പെരുന്പാവൂർ: ഇതരസംസ്ഥാനക്കാരെ തട്ടിക്കൊണ്ടുപോയി ഒളിവിൽ താമസിപ്പിച്ച് ബന്ധുക്കളിൽ നിന്ന് മോചനദ്രവ്യം ആവശ്യപ്പെട്ട നാല് ആസാം സ്വദേശികളെ കാലടിയിൽനിന്നു പോലീസ് പിടികൂടി. ആസാം മോറിഗാവ് സ്വദേശികളായ ബാബുൽ ഹുസൈൻ (22), മുഖ്സിദുൽ ഹഖ് (22), അജീജുൽ ഹഖ് (26), ജുൽഫിക്കൽ അലി (20) എന്നിവരെയാണ് പെരുന്പാവൂർ പോലീസ് തന്ത്രപൂർവം അറസ്റ്റു ചെയ്തത്.
ആസാം സ്വദേശികളായ മുഹമ്മദ് ഷൂരജ് അലി (43), ഷഫിദുൽ ഇസ്ലാം (42) എന്നിവരെ തട്ടിക്കൊണ്ടുപോയ ശേഷം ഇരുവരുടെയും ആസാമിലെ ബന്ധുക്കളെ വിളിച്ച് മോചനദ്രവ്യമായി 80,000 രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:
ഷൂരജ് അലിയുടെ മകൻ മൊബൈൽ ഫോണ് മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ഷൂരജ് അലിയേയും ഒപ്പം താമസിച്ചിരുന്ന ഷഫിദുൽ ഇസ്ലമിനേയും പ്രതികൾ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഫോണ് കോൾ കേന്ദ്രീകരിച്ച് പ്രതികളെ തിരിച്ചറിയാതിരിക്കുന്നതിനായി ഷൂരജിന്റെയും ഷഫിദുലിന്റെയും ഫോണിൽനിന്നാണ് നാലംഗസംഘം ബന്ധുക്കളെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്.
തുടർന്ന് ഷഫിദുലിന്റെ ബന്ധുക്കൾ കരുനാഗപ്പിള്ളിയിലുള്ള ഷഫിദുലിന്റെ മകൻ ജൈനൽ ആബിദിനെ വിവരമറിയിച്ചു. ജൈനൽ പെരുന്പാവൂർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് സൈബർസെൽ നടത്തിയ അന്വേഷണത്തിൽ പ്രതികൾ കാലടിക്ക് സമീപം പിരാരൂർ ഭാഗത്തുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
പ്രദേശത്തെ ടൈൽ കന്പനിക്ക് പിറകിലുള്ള മുറിയിലാണ് പ്രതികൾ താമസിച്ചിരുന്നത്. തുടർന്ന് പണം നൽകാമെന്ന് വിശ്വസിപ്പിച്ച് തന്ത്രപൂർവം അവിടെയെത്തിയാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്ത്. തുടർന്ന് ഇവരുടെ തടവിലായിരുന്ന ഷൂരജിനെയും ഷഫിദുലിനേയും മോചിപ്പിച്ചു. പെരുന്പാവൂർ സി.ഐ. സുമേഷ്, എസ്ഐ ലൈസാദ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്ഡ് ചെയ്തു.